വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കും: മന്ത്രി എകെ ബാലന്‍

എ കെ ജെ അയ്യര്‍

വ്യാഴം, 7 ജനുവരി 2021 (11:14 IST)
തിരുവനന്തപുരം: വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തെ തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റമറ്റ രീതിയില്‍ പുനര്‍വിചാരണയും തുടര്‍ അന്വേഷണവും നടത്താന്‍ എല്ലാ സാഹചര്യങ്ങളും സര്‍ക്കാര്‍ സൃഷ്ടിക്കുമെന്ന് നിയമവകുപ്പ് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു.
 
വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകും. കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ഏറെ സന്തോഷ മുണ്ടാക്കുന്നതാണ്. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ച ഹൈക്കോടതി കേസില്‍ പുനര്‍വിചാരണ നടത്തണമെന്നും തുടരന്വേഷണം നടത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 
ക്രിമിനല്‍ നീതിന്യായ നിര്‍വഹണ ചരിത്രത്തിലെ അപൂര്‍വമായ ഒരു വിധിയാണിത്. വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് തുടക്കം മുതല്‍ നിര്‍ബന്ധമുണ്ടായിരുന്നു. പഴുതുകളടച്ചുള്ള ഇടപെടലുകളിലൂടെ കുറ്റവാളികളെ ശിക്ഷിക്കാന്‍ വഴിയൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഹൈക്കോടതി വിധി ഇക്കാര്യത്തില്‍ വലിയ പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍