തിരുവനന്തപുരം ജില്ലയില്‍ സിആര്‍പിസി 144പ്രകാരം നിയന്ത്രണങ്ങള്‍; പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിച്ചു

ശ്രീനു എസ്

ശനി, 3 ഒക്‌ടോബര്‍ 2020 (08:34 IST)
ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഉത്തരവു പുറപ്പെടുവിച്ചു. പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ സ്വമേധയാ കൂട്ടംകൂടുന്നത് നിരോധിച്ചു. സി.ആര്‍.പി.സി 144 പ്രകാരമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ നിയന്ത്രങ്ങള്‍ കൂടുതള്‍ ശക്തിപ്പെടുത്തിയിട്ടുമുണ്ട്. ഇന്ന് രാവിലെ ഒന്‍പതു മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ഒക്ടോബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 
 
കണ്ടെയിന്‍മെന്റ് സോണുകളില്‍ വിവാഹം, ശവസംസ്‌കാരം എന്നിവയ്ക്കൊഴികെ അഞ്ചുപേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പൊതു പരിപാടികളോ കൂടിച്ചേരലുകളോ അനുവദിക്കില്ല. ഈ പ്രദേശങ്ങളില്‍ വിവാഹം, ശവസംസ്‌കാരം എന്നിവയ്ക്ക് പരമാവധി 20 പേരെ പങ്കെടുപ്പിക്കാം. ഇന്‍ഡോര്‍, ഔട്ട് ഡോര്‍ പരിപാടികള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. കണ്ടെയിന്‍മെന്റ് സോണുകളില്‍ പലചരക്ക്, മരുന്ന്, പാല്‍, പച്ചക്കറി, മാംസം, മത്സ്യം എന്നിവയുടെ വിതരണവും റവന്യു, ആരോഗ്യം, പോലീസ്, തദ്ദേശസ്വയംഭരണം, വൈദ്യുതി, ശുചീകരണം, ജലവിതരണം എന്നീ അവശ്യ സര്‍വീസുകള്‍ അനുവദിക്കും. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കല്‍ എന്നിവയ്ക്കൊഴികെ ആളുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും പുറത്തേക്കു പോകുന്നത് കര്‍ശനമായി നിയന്ത്രിക്കും. ഇതിനാവശ്യമായ നിയന്ത്രണ സംവിധാനങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍