ഡിസംബറിനകം കേരളത്തില്‍ 50000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും: മുഖ്യമന്ത്രി

ശ്രീനു എസ്

ശനി, 3 ഒക്‌ടോബര്‍ 2020 (08:13 IST)
ഡിസംബറിനകം കേരളത്തില്‍ 50000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറ് ദിവസത്തിനകം പരമാവധി 95000 തൊഴിലുകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഈ കാലയളവില്‍ പി. എസ്. സി മുഖേന 5000 പേര്‍ക്ക് നിയമനം നല്‍കാനും ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. എല്ലാ ഒഴിവുകളും പി.എസ്.സിക്ക് അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനു കര്‍ശന നിര്‍ദ്ദേശം വകുപ്പ് മേധാവികള്‍ക്കു നല്‍കി. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഇതുസംബന്ധിച്ച വിശദമായ കണക്കുകളും തൊഴില്‍ ലഭിച്ചവരുടെ മേല്‍വിലാസവും പരസ്യപ്പെടുത്തും. ഇതിനു പ്രത്യേകമായ പോര്‍ട്ടല്‍ ആരംഭിക്കും.
 
കോവിഡ് പകര്‍ച്ചവ്യാധി മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ഭീതിജനകമായ രീതിയില്‍ തൊഴിലില്ലായ്മ സൃഷ്ടിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സംയോജിത പദ്ധതിയാണ് നടപ്പാക്കുന്നത്. 1000 ആളുകള്‍ക്ക് 5 എന്ന തോതില്‍  ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള പരിപാടി ലോക്ഡൗണിനു മുമ്പ് പ്രഖ്യാപിച്ചിരുന്നു. കോവിഡ് സംഭവവികാസങ്ങള്‍ ഇതിന് വിലങ്ങുതടിയായി. ഈ സാഹചര്യത്തിലാണ് 100 ഇന പരിപാടിയുടെ ഭാഗമായി 50,000 തൊഴിലവസരങ്ങള്‍ നൂറു ദിവസം കൊണ്ട് കാര്‍ഷികേതര മേഖലകളില്‍ സൃഷ്ടിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍