ശിവഗിരി ടൂറിസം പദ്ധതി അട്ടിമറിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ 24 മണിക്കൂര്‍ ഉപവാസസമരം ആരംഭിച്ചു

ശ്രീനു എസ്

ബുധന്‍, 3 ജൂണ്‍ 2020 (11:41 IST)
ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി ഉപേക്ഷിച്ചതിനെതിരെ..ജി.പി.ഒ ക്ക് മുന്നില്‍ OBC കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് സുമേഷ് അച്യുതന്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു. 70 കോടി രൂപയുടെ ശിവഗിരി  ടൂറിസം സര്‍ക്യൂട്ട് പദ്ധതി ഉപേക്ഷിച്ച കേന്ദ്ര സര്‍ക്കാര്‍ വഞ്ചനക്കെതിരെയാണ് ഉപവാസസമരം ആരംഭിച്ചത്. 
 
ശ്രീനാരായണ ഗുരുവുമായി  ബന്ധപ്പെട്ട ക്ഷേത്രങ്ങളെ കോര്‍ത്തിണക്കിയുള്ള 69.47 കോടി രൂപയുടെ  ശിവഗിരി ശ്രീനാരായണ ഗുരു തീര്‍ഥാടന സര്‍ക്യൂട്ട് ഉപേക്ഷിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി  ശ്രീനാരായണിയരോട് കടുത്ത വഞ്ചനയെന്ന് കോണ്‍ഗ്രസ് ഒ ബി സി ഡിപ്പാര്‍ട്ട് മെന്റ് സംസ്ഥാന ചെയര്‍മാന്‍ സുമേഷ് അച്യുതന്‍ ആരോപിച്ചു . ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളും, സാംസ്‌കാരിക സ്ഥാപനങ്ങളുമായ  ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലം, അരുവിപ്പുറം, അണിയൂര്‍ ശ്രീ ദുര്‍ഗാദേവീ ക്ഷേത്രം, കോലത്തുകര ശിവക്ഷേത്രം, കന്നുംപാറ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം, കായിക്കര കുമാരനാശാന്‍ സ്മാരകം, ശിവഗിരി ശ്രീനാരായണ ഗുരു ആശ്രമം എന്നിവയെല്ലാം ബന്ധപ്പെടുത്തിയുള്ള സര്‍ക്യൂട്ടാണ് ഉപേക്ഷിച്ചത്. 
 
ഈ വിഷയത്തെ സംസ്ഥാന സര്‍ക്കാര്‍ കേവലം ടൂറിസം പ്രശ്നമായാണ് കാണുന്നത് എന്നാല്‍ ഇത് ശ്രീനാരായണീയരുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്. പന്തിക്ക് ഇലയിട്ട ശേഷം ചോറില്ലെന്ന് പറയുന്ന കേന്ദ്ര സര്‍ക്കാര്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ട് തട്ടാന്‍  കൊട്ടിഘോഷിച്ച് നടത്തിയ  ഉദ്ഘാടന മഹാമഹത്തിന് ശ്രീനാരായണീയ സമൂഹത്തോട് മാപ്പു പറയണം. കേന്ദ്രം തെറ്റുതിരുത്തി പദ്ധതി ഉപേക്ഷിച്ച നടപടി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍