ട്രിപ്പിളടിച്ചാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും, ഇൻഷുറൻസിനും പണി കിട്ടും: മുന്നറിയിപ്പുമായി എംവിഡി

അഭിറാം മനോഹർ

ഞായര്‍, 10 മാര്‍ച്ച് 2024 (15:23 IST)
ഇരുചക്രവാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇരുചക്രവാഹനങ്ങളില്‍ രണ്ടിലധികം ആളുകള്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെ കര്‍ശനമായ നടപടികള്‍ നേരിടേണ്ടി വരുമെന്ന് എംവിഡി അറിയിച്ചു. റോഡുകളില്‍ ഇത്തരം സാഹസികമായ കാഴ്ചകള്‍ ദിവസവും കാണുന്നുവെന്നും എന്നാല്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗപ്പെടേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാന്‍ ഇത് കാരണമാകുമെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ എംവിഡി പറയുന്നു.
 
എംവിഡിയുടെ കുറിപ്പ്
 
ട്രിപ്പിള്‍ ട്രിപ്പ് ട്രബിളാണ് ചങ്ങായി*
ഇരുചക്രവാഹനങ്ങളില്‍ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ല. നമ്മുടെ പ്രത്യേക സാഹചര്യത്തില്‍ ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം പരമാവധി ഒരു റൈഡറെക്കൂടി മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു
പക്ഷെ ഈ രണ്ട് സീറ്റ് വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ്സ് അഥവാ സാഹസം നമ്മുടെ റോഡുകളിലെ ഒരു നിത്യകാഴ്ചയാണ്. ചിലപ്പോഴൊക്കെ അതില്‍ കൂടുതലും കാണാറുണ്ട്.
ഈ നിരോധിതശീലം അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും കാരണമാകാം. അതിനാല്‍ തന്നെ ഈ 'വീരകൃത്യം' ശിക്ഷാര്‍ഹവുമാണ്.
ഇത്തരത്തില്‍ 2 ല്‍ കൂടുതല്‍ പേര്‍ ഒരു ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടേയുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടിവരും.
ട്രിപ്പിള്‍ ട്രിപ്പുകള്‍ ഒരു പക്ഷെ നിയമനടപടികള്‍ നേരിടാന്‍ പോലും അവശേഷിക്കാതെയാകും അവസാനിക്കുക.
ദയവായി ഇരുചക്ര വാഹനങ്ങളില്‍ ഒരു തരത്തിലുമുള്ള സാഹസങ്ങള്‍ക്ക് മുതിരാതിരിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍