താമരശേരി ജൂവലറി കവർച്ച : മുഖ്യ പ്രതി അറസ്റ്റിൽ

എ കെ ജെ അയ്യര്‍

വെള്ളി, 9 ഫെബ്രുവരി 2024 (16:55 IST)
കോഴിക്കോട്: താമരശേരി ടൗണിലെ റന ജൂവലറിയിൽ നിന്ന് അമ്പത് പവന്റെ സ്വർണ്ണാഭരണം കവർന്ന കേസിലെ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പൂനൂർ പാലം തലയ്ക്കൽ നവാഫ് എന്ന ഇരുപത്തേഴുകാരനാണ് കോഴിക്കോട് റൂറൽ എസ്.പി.അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പള്ളിപ്പുറത്തുള്ള വാടക ഫ്‌ളാറ്റിൽ നിന്നാണ് ഇയാളെ പിടിച്ചത്.

ജനുവരി ഇരുപത്തിനാലിനാണ് ജൂവലറിയുടെ ചുമർ തുറന്നു അമ്പത് പവന്റെ സ്വർണം കവർന്നത്. കവർന്ന സ്വർണ്ണത്തിൽ 157 ഗ്രാം സ്വർണ്ണം കൂട്ട് പ്രതിയായ സഹോദരൻ അടുത്ത് തന്നെ വാടകയ്ക്ക് കഴിഞ്ഞിരുന്ന വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ സഹോദരൻ നാസർ, സുഹൃത്ത് എന്നിവർ ഉൾപ്പെടെ രണ്ടു പേരെ കൂടി പിടികൂടാനുണ്ട്.

കഴിഞ്ഞ ഡിസംബർ 28 ന് ഈങ്ങാപ്പുഴയിലെ കുന്നുമ്മൽ ജൂവലറിയുടെ പിറകിലെ ചുമർ തുറന്നു അര കിലോ വെള്ളി ആഭരണങ്ങളും പതിനായിരം രൂപയും കവർന്നതും ഇതേ സംഘമാണെന്ന് പോലീസ് അറിയിച്ചു. നവാഫ് 2020 ൽ താമരശേരിയിൽ മൊബൈൽ ഫോൺ കവർന്ന കേസിൽ ഒരു മാസം ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ഇയാളും സഹോദരനും ഇപ്പോൾ താമരശേരി കോരങ്ങാട്ട് കെ.പി.ചിപ്സ് എന്ന കട  നടത്തുകയായിരുന്നു. പോലീസ് മുൻ കുറ്റവാളികളെ കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് നവാഫിനെ കുറിച്ച് സംശയം ജനിച്ചതും അന്വേഷണത്തിൽ അറസ്റ്റ് ചെയ്തതും

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍