വിവാഹ വാഗ്ദാനം നിരസിച്ചു : അതിക്രമം കാണിച്ചതിന് പോലീസ് ഉദ്യോഗസ്ഥൻ അടക്കം അഞ്ചു പേർ അറസ്റ്റിൽ

എ കെ ജെ അയ്യർ

ഞായര്‍, 10 മാര്‍ച്ച് 2024 (10:21 IST)
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോവുകയും എയർ ഗൺ ചൂണ്ടി അതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥൻ അടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പരശുവയ്ക്കൽ സ്യാം ദേവരാജൻ, എ.ആർ.ക്യാമ്പ് ഗ്രെയ്‌ഡ് എ.എസ്.ഐ സുധീർ, പാറശാല സ്വദേശി ഷാനിഫ്, പൗണ്ട് കോളനി സ്വദേശി ഷജില, പരശുവയ്ക്കൽ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്.
 
ഇപ്പോൾ പിടിയിലായ ശ്യാമും ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതിയും സുഹൃത് ബന്ധത്തിലായിരുന്നു. എന്നാൽ പിന്നീട് യുവതി ശ്യാമുമായി പിരിഞ്ഞതോടെ ഇയാൾ യുവതിയെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. ഇത് നെടുമങ്ങാട് കോടതിയിൽ കേസ് വരെ എത്തി. തുടർന്ന് പ്രശ്നങ്ങൾ പറഞ്ഞു തീർക്കുകയും ചെയ്തു.
 
കഴിഞ്ഞ ദിവസം ശ്യാമിന്റെ സുഹൃത്തായ സുധീർ പോലീസ് യൂണിഫോമിൽ എത്തി കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യണമെന്നു പറഞ്ഞു യുവതിയെ നിർബന്ധിച്ചു കാറിൽ കയറ്റി കൊണ്ടുപോയി. വഴിയിൽ വച്ച് ഷജില, ഷാനിഫ് എന്നിവരും കാറിൽ കയറി. കാർ തിരുനെൽവേലിയിൽ ഫാമിലെത്തി. അവിടെ വച്ച് വിവാഹം കഴിക്കണമെന്ന് അവിടെയുണ്ടായിരുന്ന ശ്യാമിന്റെ ആവശ്യ യുവതി നിരസിച്ചതോടെ എയർ ഗൺ ചൂണ്ടി യുവതിയെ ഭീഷണിപ്പെടുത്തി ഉപദ്രവിച്ചു.
 
എന്നാൽ യുവതിയുടെ കുട്ടികൾ മാതാവിനെ കാണാനില്ലെന്ന് പറഞ്ഞു പേരൂർക്കട പോലീസിൽ പരാതി നൽകി. യുവതിയെ തട്ടിക്കൊണ്ടുപോയതാണെന്ന് മനസിലാക്കി പോലീസ് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.
 
പോലീസ് നൽകിയ റിപ്പോർട്ട് അനുസരിച്ചു എ.ആർ.ക്യാംപിലെ പോലീസ് ഉദ്യോഗസ്ഥനായ സുധീറിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. കേസിലെ ഒന്നാം പ്രതിയായ തന്റെ സുഹൃത്ത് ശ്യാമിനുവേണ്ടിയാണ് താൻ ഇത് ചെയ്തത് എന്നാണു സുധീറിന്റെ മൊഴി.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍