ട്രം‌പില്ല, ഇതിഹാസനിമിഷത്തിന് സാക്ഷികളായി മറ്റ് മുന്‍ പ്രസിഡന്‍റുമാര്‍; ജോ ബൈഡന്‍റെ സ്ഥാനാരോഹണം അതീവ സുരക്ഷയില്‍

ജോണ്‍സി ഫെലിക്‍സ്

ബുധന്‍, 20 ജനുവരി 2021 (22:38 IST)
അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി ജോ ബൈഡന്‍ അധികാരമേറ്റു. വൈസ് പ്രസിഡന്റായി കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റാണ് കമല ഹാരിസ്. കമലയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബൈബിൾ കയ്യിലേന്തിയത് ഭർത്താവ് ഡഗ്ലസ് എംഹോഫ് ആണ്.  
 
പോപ്പ് സൂപ്പർതാരം ലേഡി ഗാഗയാണ് ദേശീയഗാനം ആലപിച്ചത്. ബറാക് ഒബാമ, ബിൽ ക്ലിന്റൺ, ജോർജ് ബുഷ് എന്നീ മുന്‍ പ്രസിഡന്‍റുമാര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ വെറും 1000 പേർ മാത്രം പങ്കെടുക്കുന്ന ചടങ്ങായി അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സ്ഥാനാരോഹണ ചടങ്ങ് മാറി. 
 
മാത്രമല്ല, ഡൊണാള്‍ഡ് ട്രം‌പിന്‍റെ അനുകൂലികള്‍ അക്രമം നടത്തിയേക്കുമെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ അതീവ സുരക്ഷയിലാണ് ചടങ്ങുകള്‍ നടന്നത്. 
 
ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് കാത്തുനില്‍ക്കാതെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിനോടു നേരത്തേ യാത്ര പറഞ്ഞു. എയർ ഫോഴ്‌സ് വൺ വിമാനത്തിൽ ട്രംപ് ഫ്ലോറിഡയിലേക്കാണ് പോയത്. ബൈഡന്റെ സത്യപ്രതിജ്ഞ നടക്കുന്ന സമയത്ത് ഫ്‌ളോറിഡയിലെ തന്റെ മാര്‍ ലാഗോ റിസോര്‍ട്ടിലായിരുന്നു ട്രംപ്.
 
അതേസമയം തിരികെ വരുമെന്ന വിശ്വാസം പങ്കുവെച്ചുകൊണ്ടാണ് ട്രംപിന്റെ മടക്കം. കഴിഞ്ഞ നാല് വർഷങ്ങൾ അവിശ്വസനീയമായിരുന്നു. നാം ഒരുമിച്ച് നിരവധി കാര്യങ്ങള്‍ പൂര്‍ത്തിയാക്കി. നിങ്ങള്‍ക്കു വേണ്ടി ഞാന്‍ എന്നും പോരാടും - മേരിലാന്‍ഡിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ നടന്ന ചടങ്ങില്‍ തന്റെ ജീവനക്കാരോടും അനുയായികളോടുമായി ട്രംപ് പറഞ്ഞു.
 
അതേസമയം പുതിയ ഭരണകർത്താവിന് വലിയ ഭാഗ്യവും വിജയവും നേരുന്നുവെന്ന് ബൈഡന്റെ പേര് പരാമർശിക്കാതെ ട്രംപ് പറഞ്ഞു. അമേരിക്കയുടെ 150ൽ അധികം വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് പിന്‍ഗാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ആൾ പങ്കെടുക്കാതിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍