പേരൻപ് ഒരു അവാർഡ് പടമല്ല, ബുദ്ധിജീവികളായി വന്നിരിക്കേണ്ട! - വൈറലായി വാക്കുകൾ

വെള്ളി, 2 ഫെബ്രുവരി 2018 (12:15 IST)
മമ്മൂട്ടി നായകനായ തമിഴ് ചിത്രം പേരന്‍പ് ആണ് സമൂഹമാധ്യമങ്ങളിലെ പ്രധാനചർച്ച. ലോകത്തെ വിഖ്യാത ചലച്ചിത്രമേളകളിൽ ഒന്നായ റോട്ടർഡാം രാജ്യാന്തര മേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ചിത്രം പ്രഖ്യാപിച്ചത് മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. 
 
തമിഴിൽ ദേശീയപുരസ്കാര ജേതാവ് കൂടിയായ റാം സംവിധാനം ചെയ്ത ‘പേരൻപ്’ കണ്ടവർ ഒന്നടങ്കം സംവിധായകനേയും മമ്മൂട്ടിയേയും അഭിനന്ദിക്കുകയാണ്. മമ്മൂട്ടി വിസ്മയിപ്പിക്കുന്നു എന്നാണ് ഏവരും പറയുന്നത്. 
 
ഹൃദയത്തിൽ ആഞ്ഞുതറയ്ക്കുന്ന കുടുംബജീവിത വ്യഥയാണ് ചിത്രം തരുന്നതെന്നാണ് ഒരു വിദേശമാധ്യമം സിനിമയ്ക്ക് നൽകിയ തലക്കെട്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവത്തെക്കുറിച്ച് മമ്മൂട്ടിയുടെ കോസ്റ്റ്യൂം ഡിസൈനർ അഭിജിത്ത് എഴുതിയ പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
 
അഭിജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
ഇപ്പോൾ തമിഴിൽ നിന്നും ഒരു ചിത്രം ഇന്ത്യയ്ക്ക് പുറത്തു പ്രദർശിപ്പിച്ചു പ്രശംസ നേടുന്നു...റോട്ടർഡാം ഫെസ്റ്റിവലിൽ കാണേണ്ട ലോകത്തേ 20 ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തു. റാം സംവിധാനം ചെയ്ത പേരൻപ് പല ഷെഡ്യൂളുകളായി ആയി നടന്ന ചിത്രമാണ്.. 
 
2 വർഷം മുൻപ് ആദ്യഭാഗം കൊടൈക്കനാൽ ആയിരുന്നു ഷൂട്ട് ആരംഭിച്ചത്. ടൗണിൽ നിന്നും ഏകദേശം 40 കിലോമീറ്റർ മാറി ആരും അങ്ങനെ കടന്നു വരാത്ത തടാകത്തിനോട് ചേർന്ന മലയോരം..
 
അടുത്ത് വീടുകളോ അല്ലെങ്കിൽ മൊബൈൽ കണക്ഷൻ പോലും ലഭിക്കാത്ത ഒരു ഭാഗം മാത്രം. അങ്ങനെ നല്ലപോലെ മഞ്ഞു മൂടി കിടക്കും..അവിടെയാണ് അമുധന്റെയും (മമ്മൂക്കയുടെ കഥാപാത്രം) മകളുടെയും മരം കൊണ്ടുള്ള ഒരു പഴയ വീട് ആർട്ടുകാർ സെറ്റ് ഇട്ടിരിക്കുന്നത്..
 
ഒരുപാടു പേരൊന്നും ഇല്ല...എല്ലാവർക്കുമുള്ള ഭക്ഷണം എല്ലാം അതിനടുത്തു തന്നെ ഒരു ഒരു ടാർപ്പായ കെട്ടിയ സ്ഥലത്തു ഉണ്ടാക്കി തരുന്നപോലെ ആയിരുന്നു.. സാധാരണ ഷൂട്ടിങ് ഭക്ഷണം പോലെയൊന്നും ഇല്ലാട്ടോ..ചോറ്, സാംബാർ, രസം, തൈര്...തമിഴ്നാടൻ സ്റ്റൈൽ...
 
റാം സാറിന്റെ അസ്സിസ്റ്റന്റ്സ് ആവട്ടെ എല്ലാവരും പുലികളാണ്..എല്ലാവരും ഒരുപാട് വായിക്കുന്നവരാണ്...മിക്ക ഭാഷയിലുള്ള സിനിമയും കാണും...ഞാൻ പോലും കണ്ടിട്ടില്ലാത്ത പഴയ നല്ല മലയാള ചിത്രങ്ങൾ പോലും തമിഴ്നാട്ടിലുള്ള അവർ മിസ് ചെയ്യില്ല....സിനിമയ്ക്കു വേണ്ടി എന്ത് ജോലിയും ചെയ്യാൻ ഒരു മടിയും ഇല്ല.. എല്ലാവർക്കും ഒരേ താല്പര്യം..ആഗ്രഹം..സ്വപ്നം...സിനിമ...
 
യൂണിറ്റൊ ഒരുപാട് ലൈറ്റ്സോ ഒന്നും ഉപയോഗിച്ചുള്ള ഒരു വലിയ ഷൂട്ടിങ് അല്ല..തേനി ഈശ്വർ എന്ന ക്യാമറമാൻ ഒറിജിനൽ ലൈറ്റിൽ ആണ് അധികവും എടുത്തത്...അതിലൊരു മായമില്ലാത്ത ഭംഗി ഉണ്ട്..
 
നമ്മുടെ പേരൻപിന്റെ സൃഷ്ടാവ് റാം സർ മനസ്സിൽ തന്നെ സ്ക്രിപ്റ്റ് വ്യക്തമായി എഴുതി വച്ചിരിക്കുകയാണ്..അതിനെ ഒരു പേപ്പറിലാക്കിയിട്ടില്ല...ഇനി അതാണോ ഇതിന്റെ ഒരു ഇത്‌..പുള്ളി എപ്പോഴും നമ്മളെ അത്ഭുതപെടുത്തുന്ന ഒരു ടീംസ് ആണ്...
 
സമയത്തൊന്നും ഫുഡ് കഴിക്കില്ല..എന്നൊരു ശീലവും ഉണ്ട്...മറന്നുപോയി..എന്നും പറഞ്ഞു അസമയത്തായിരിക്കും മിക്കവാറും ഭക്ഷണം...
 
അമുദവന്റെ കോസ്റ്റ്യൂമെല്ലാം എടുക്കാൻ ഷൂട്ട് ആരംഭിക്കുന്നതിനു ഒരു മാസം മുന്നേ തന്നെ പുള്ളിയും ചെന്നൈയിൽ കൂടെ വന്നിരുന്നു..ഒരുപാടു ഡ്രസ്സ് ഒന്നും വാങ്ങിയില്ല...വാങ്ങുന്നതെല്ലാം നല്ലപോലെ നരപ്പിച്ച ശേഷം ഉപയോഗിക്കാം..വാങ്ങിയിട്ട് 5 വർഷമായി എന്നപോലെ തോന്നണം...ജീൻസ്‌ എല്ലാം അടിഭാഗം ഷൂ ചവിട്ടേറ്റു കീറിയ പോലെ വേണം..അങ്ങനെ ചുളിഞ്ഞൊക്കെ കിടന്നോട്ടെ എന്നും...ഇട്ട ഷർട്ട് തന്നെ ചിലപ്പോ രണ്ടു ദിവസം കഴിഞ്ഞാൽ അലക്കിയ ശേഷം ഇടുന്ന ഒരു സാധാരണക്കാരാണ് ഈ കഥാപാത്രങ്ങളും...
 
ഏകദേശം രണ്ടു മണിക്കൂർ യാത്ര ചെയ്തു വേണം ഞങ്ങൾക്കും ടെക്‌നീഷൻസിനും എല്ലാം ടൗണിലുള്ള റൂമിൽ നിന്നും ആ ലൊക്കേഷനിലേക്ക് എത്താൻ അതും ആ സമയത്തൊക്കെ കഠിനമായ തണുപ്പും മഞ്ഞും...റോഡും മോശം..
 
എന്നാൽ ഞങ്ങളെ പോലും ഞെട്ടിച്ചു ഈ പറയുന്ന സംവിധായകൻ റാം സർ ആ 30 ദിവസവും രാത്രി ആ ഒറ്റപ്പെട്ട സ്ഥലത്തു തണുപ്പത്ത് കിടന്നത് ആർട്ടുകാർ ഉണ്ടാക്കിയ ഷൂട്ടിങ് സെറ്റിൽ തന്നെയായിരുന്നു...
 
ഇതറിഞ്ഞപ്പോൾ മമ്മൂക്കയൊക്കെ കുറെ പുള്ളിയെ ചീത്ത പറഞ്ഞു "ഈ ലൊക്കേഷനിൽ എന്തിനാ രാത്രിയിൽ മഞ്ഞത്തു കിടക്കണത്, റൂമിൽ പൊയ്ക്കൂടേ, രാവിലെ ഇങ്ങോട്ടു വന്നാൽ പോരെ എന്ന് ചോദിക്കും... 
 
പുള്ളി അപ്പൊ ഓരോ ഒഴിവു കഴിവ് പറഞ്ഞു.. ചിരിക്കും..പുള്ളിക്ക് അവിടെ തന്നെ കിടന്നാലേ ഒരു തൃപ്തി കിട്ടൂ എന്ന പോലെയാണ്.... ഇതൊക്കെ കണ്ടു മമ്മൂക്ക പിന്നീട് മോർണിംഗ് ഷോട്ട് എടുക്കാൻ രാവിലെ 4 മണിക്കൊക്കെ എണീറ്റ് വന്നത് ..റാം സർ തന്നെ പ്രതീക്ഷിച്ചു പോലുമില്ല..ആ തണുപ്പത്തു രാവിലെ...
 
ഒരു വല്ലാത്ത മനുഷ്യൻ...സംഭവമാണ്, അഭിമാനിക്കുന്നു, താങ്കളുടെ ഈ വലിയ ചിത്രത്തിൽ ഒരു ചെറിയ ഭാഗമാകാൻ കഴിഞ്ഞതിൽ...പാട്ടൊക്കെ കുറച്ചു അവിടെയും ഇവിടെയും ഒക്കെ കേട്ടുള്ളൂ...പക്ഷെ...ഒരുപാടു സമയമെടുത്ത് ചെയ്ത യുവൻ ശങ്കർരാജ അറിഞ്ഞു ചെയ്തിട്ടുണ്ട് എന്ന് പറയാതെ വയ്യ..വെയ്റ്റിംഗ് ബാക്ക്ഗ്രൗണ്ട് സ്കോർ...അദ്ദേഹത്തിനും വേണ്ടി ചെയ്യുന്ന ഈ വർക്കിൽ ഏറ്റവും മികച്ചതേ കിട്ടൂ എന്നറിയാം..
 
പിന്നെ പലരും പറയുന്ന കേട്ടൂ...പേരൻപ് എന്ന അവാർഡ് സിനിമ എന്നൊക്കെ..അങ്ങനെ ഒരു പ്രയോഗം ഈ സിനിമയ്ക്കു ചേരില്ല ...വേണേ ഈ സിനിമ കണ്ടാൽ അവാർഡ് കൊടുക്കണം എന്ന് തോന്നിയാൽ അതിനെ കുറ്റം പറയാനില്ല...അതിനു വേണ്ടി കാണാൻ വരുന്നവർ ബുദ്ധി ജീവികളായി വന്നിരിക്കേണ്ട ഒരു ആവശ്യവും ഈ ചിത്രത്തിനായി ഇല്ല...പാട്ടെല്ലാം വരുന്നതോടെ അതു മനസിലാകും....
 
നല്ല സിനിമകളിൽ ഒന്നാകണം ആളുകൾക്കു ഇഷ്ടപ്പെടണം...കാണുന്നവരുടെ മനസ്സിൽ നിൽക്കണം..കൂടാതെ സാമ്പത്തികമായും ഗുണം ചെയ്യണം എന്നെല്ലാമുള്ള ഉദ്ദേശം വച്ച് തന്നെ ഉണ്ടായ സിനിമ തന്നെയാണ് പേരൻപ്... കാത്തിരിക്കാം..മനസ്സിൽ മഞ്ഞുവീണപോലെ മനോഹരമാകും..

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍