ഞായറാഴ്ച സൂര്യഗ്രഹണം, ഇന്ത്യയില്‍ നിന്ന് കാണാനാവുമോ? പൂര്‍ണ വിവരങ്ങള്‍ വായിക്കാം!

വെള്ളി, 4 ജനുവരി 2019 (18:50 IST)
ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ജനുവരി ആറ് ഞായറാഴ്‌ച ദൃശ്യമാകും. ഭാഗിക സൂര്യഗ്രഹണമായിരിക്കും ഇത്. ഈ വർഷം അഞ്ച്  ഗ്രഹണങ്ങൾ ഉണ്ടാകും. പക്ഷേ ഇതില്‍ രണ്ടെണ്ണം മാത്രമേ ഇന്ത്യയില്‍ നിന്ന് കാണുവാന്‍ സാധിക്കുകയുള്ളൂ. 
 
ജനുവരി ആറിനുണ്ടാകുന്ന ഭാഗിക സൂര്യഗ്രഹണം ഇന്ത്യയില്‍നിന്നു കാണാന്‍ കഴിയില്ലെന്ന്‌ ഉജ്‌ജയിനി ആസ്‌ഥാനമായ ജിവാജി ഒബ്‌സര്‍വേറ്ററിയിലെ സൂപ്രണ്ട്‌ ഡോ. രാജേന്ദ്രപ്രകാശ്‌ ഗുപ്‌ത്‌ അറിയിച്ചു. നോർത്ത് ഈസ്‌റ്റ് ഏഷ്യ, പസഫിക് സമുദ്രം എന്നിവിടങ്ങളിൽ മാത്രമേ ഇത് ദൃശ്യമാകുകയുള്ളൂ.
 
പൂര്‍ണ ചന്ദ്രഗ്രഹണം ജനുവരി 21ന്‌ നടക്കുമെങ്കിലും പകൽ‌ സമയം ആയതിനാൽ ഇന്ത്യയിൽ അതും ദൃശ്യമാകില്ല. ശേഷം ജൂലൈ രണ്ടിനും മൂന്നിനും പൂര്‍ണസൂര്യഗ്രഹണമുണ്ടെങ്കിലും അത് സംഭവിക്കുന്നത് രാത്രിസമയത്തായതിനാല്‍ കാണാന്‍ കഴിയില്ല. എന്നാൽ ജൂലൈ 16നും 17നുമുണ്ടാകുന്ന ഭാഗിക ചന്ദ്രഗ്രഹണവും ഡിസംബര്‍ 26നുണ്ടാകുന്ന സൂര്യഗ്രഹണവും ഇന്ത്യയില്‍ ദൃശ്യമാകും.
 
സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ഭാഗികമായി ചന്ദ്രനിൽ പതിക്കുന്നതിനാണ് ഭാഗിക ചന്ദ്രഗ്രഹണം എന്നു പറയുന്നത്. ജൂലൈ 16നും 17നും സംഭവിക്കുന്നതും ഈ പ്രതിഭാസം ആയിരിക്കും.
 
എന്നാൽ, ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ്‌ സൂര്യഗ്രഹണം. സൂര്യനും ചന്ദ്രനും സംയോജിക്കുന്ന കറുത്തവാവ് ദിവസമാണ്‌ സൂര്യഗ്രഹണം നടക്കുക. ഓരോ വർഷവും രണ്ടു മുതൽ അഞ്ചു വരെ സൂര്യഗ്രഹണങ്ങൾ ഭൂമിയിൽ നടക്കാറുണ്ട്. 
 
ഇവയിൽ രണ്ട് എണ്ണം വരെ പൂർണ്ണ സൂര്യഗ്രഹണങ്ങളായിരിക്കും. കൂടാതെ ഈ പൂർണ്ണ ഗ്രഹണസമയത്ത് മാത്രമേ സൂര്യന്റെ അന്തരീക്ഷമായ കൊറോണ കാണാൻ കഴിയാറുള്ളു. സാധാരണയായി ഒരു പൂർണ്ണഗ്രഹണം ദൃശ്യമാകുന്ന സമയം 7.31 മിനിറ്റ് ആണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍