സൂര്യകുമാർ യാദവിന് സ്പോർട്സ് ഹെർണിയ, ആഭ്യന്തര ലീഗും ഐപിഎല്ലിലെ ആദ്യമത്സരങ്ങളും നഷ്ടമാകും

അഭിറാം മനോഹർ

തിങ്കള്‍, 8 ജനുവരി 2024 (15:30 IST)
കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലുള്ള ഇന്ത്യന്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന് നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് ലീഗും ഐപിഎല്ലിലെ ആദ്യമത്സരങ്ങളും നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. സൂര്യകുമാര്‍ യാദവിന് സ്‌പോര്‍ട്‌സ് ഹെര്‍ണിയ സ്ഥിരീകരിച്ചതോടെയാണ് ഐപിഎല്ലിലെ ആദ്യമത്സരങ്ങള്‍ അടക്കമുള്ളവ നഷ്ടമാകുമെന്ന് ഉറപ്പായത്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലുള്ള താരം സര്‍ജറിക്കായി ഉടന്‍ തന്നെ മ്യൂണിച്ചിലേക്ക് തിരിക്കും.
 
ഇതോടെ രഞ്ജിയില്‍ മുംബൈയ്ക്കായി താരം കളിക്കാന്‍ ഇറങ്ങില്ല. ഐപിഎല്ലിലെ ആദ്യ മത്സരങ്ങളും താരത്തിന് നഷ്ടമാകും. 2022ന്റെ പകുതിയില്‍ കെ എല്‍ രാഹുലും സ്‌പോര്‍ട്‌സ് ഹെര്‍ണിയയെ തുടര്‍ന്ന് സര്‍ജറിക്ക് വിധേയനായിരുന്നു. ഐപിഎല്ലിനിടെയുണ്ടായ പരിക്കിനെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ കെ എല്‍ രാഹുലിനും നഷ്ടമായിരുന്നു. ജൂണ്‍ മാസത്തില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ സൂര്യയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. ലോകകപ്പിന് മുന്‍പ് തന്നെ സൂര്യ പരിക്ക് മാറി തിരിച്ചെത്തുമെന്നാണ് കരുതുന്നതെന്ന് ബിസിസിഐ ബോര്‍ഡ് അംഗം ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.
 
പേശികളുടെയോ ലിഗ്മെന്റിന്റെയോ ടെന്‍ഡണിന്റെയോ ഞരമ്പുകളിലേക്കോ അടിവയറ്റിലേക്കോ ഉള്ള കീറലിനെയാണ് സ്‌പോര്‍ട്‌സ് ഹെര്‍ണിയ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. കായികവിനോദങ്ങളില്‍ ഏര്‍പ്പെട്ടില്ലെങ്കിലും ഇത് സംഭവിക്കാമെങ്കിലും കായികതാരങ്ങളിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. ഫുട്‌ബോള്‍,സോക്കര്‍,ഐസ് ഹോക്കി കളിക്കാരിലാണ് ഇത് അധികമായും കണ്ടുവരാറുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍