India vs Afghanistan 3rd T20: ദൃശ്യത്തെ വെല്ലുന്ന ട്വിസ്റ്റുകള്‍, രണ്ട് സൂപ്പര്‍ ഓവര്‍ പോരാട്ടങ്ങള്‍; ചിന്നസ്വാമിയില്‍ സംഭവിച്ചത്

രേണുക വേണു

വ്യാഴം, 18 ജനുവരി 2024 (09:04 IST)
India

India vs Afghanistan 3rd T20: ത്രില്ലര്‍ സിനിമകളെ കടത്തിവെട്ടി ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരം. വിജയികളെ കണ്ടെത്താന്‍ രണ്ട് സൂപ്പര്‍ ഓവറുകള്‍ കളിക്കേണ്ടിവന്നു. ഒടുവില്‍ രണ്ടാം സൂപ്പര്‍ ഓവറില്‍ 10 റണ്‍സിന് ഇന്ത്യ ജയിച്ചു. ഇതോടെ ട്വന്റി 20 പരമ്പര 3-0 ത്തിനു ഇന്ത്യ തൂത്തുവാരി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ അഫ്ഗാനിസ്ഥാനും നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് തന്നെ നേടി. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്. 
 
ആദ്യത്തെ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 16 റണ്‍സാണ് നേടിയത്. മുകേഷ് കുമാറാണ് ഇന്ത്യക്കായി പന്തെറിഞ്ഞത്. ആദ്യ പന്തില്‍ തന്നെ ഗുല്‍ബാദിനെ റണ്‍ഔട്ടിലൂടെ ഇന്ത്യ പുറത്താക്കി. എന്നാല്‍ ശേഷിക്കുന്ന അഞ്ച് ബോളില്‍ ഗുര്‍ബാസ് ഒരു ഫോറും നബി ഒരു സിക്‌സും അടിച്ച് അഫ്ഗാനെ 16 റണ്‍സിലേക്ക് എത്തിച്ചു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്കായി ഇറങ്ങിയത് നായകന്‍ രോഹിത് ശര്‍മയും ഇടംകൈയന്‍ ബാറ്റര്‍ യഷസ്വി ജയ്‌സ്വാളും. അസ്മത്തുള്ള എറിഞ്ഞ ഓവറില്‍ മൂന്നും നാലും പന്തുകളില്‍ തുടര്‍ച്ചയായി സിക്‌സര്‍ പറത്തി രോഹിത് ഇന്ത്യയെ അനായാസം ജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ അഞ്ചാം ബോളിലും ആറാം ബോളിലും ഇന്ത്യക്ക് സിംഗിള്‍ മാത്രമേ ലഭിച്ചുള്ളൂ. അതോടെ ആദ്യ സൂപ്പര്‍ ഓവര്‍ സമനിലയില്‍ ! 
 
രണ്ടാം സൂപ്പര്‍ ഓവറില്‍ ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്തത്. ഒരോവറില്‍ ഇന്ത്യ 11 റണ്‍സ് നേടി. ആദ്യ ബോളില്‍ സിക്‌സും രണ്ടാം ബോളില്‍ ഫോറും അടിച്ചത് രോഹിത് തന്നെ. പിന്നീടുള്ള ബോളുകളില്‍ കാര്യമായ റണ്‍സ് പിറന്നില്ല. മാത്രമല്ല റിങ്കു സിങ്ങും രോഹിത്തും പുറത്താകുകയും ചെയ്തു. ഇതോടെ 12 റണ്‍സ് വിജയലക്ഷ്യവുമായി അഫ്ഗാന്‍ ബാറ്റിങ്ങിനു ഇറങ്ങി. രവി ബിഷ്‌ണോയ് എറിഞ്ഞ ആദ്യ പന്തില്‍ മുഹമ്മദ് നബിയും മൂന്നാം പന്തില്‍ ഗുര്‍ബാസും പുറത്ത്. രണ്ടാം പന്തില്‍ ഒരു സിംഗിള്‍ നേടിയത് മാത്രമായി അഫ്ഗാന്റെ അക്കൗണ്ടില്‍. രണ്ട് വിക്കറ്റ് പോയതോടെ ഇന്ത്യ 10 റണ്‍സിനു ജയം ഉറപ്പിക്കുകയും ചെയ്തു. രോഹിത് ശര്‍മയാണ് കളിയിലെ താരം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍