വിമർശനങ്ങളെ കാര്യമാക്കുന്നില്ല, താനിപ്പോഴും മികച്ച ഫോമിലെന്ന് കോലി

അഭിറാം മനോഹർ

തിങ്കള്‍, 24 ഫെബ്രുവരി 2020 (14:55 IST)
തന്റെ ഫോമിനെ കുറിച്ചോർത്ത് ആശങ്കപ്പെടുന്നവർക്ക് ചുട്ട മറുപടിയുമായി ഇന്ത്യൻ നായകൻ വിരാട് കോലി.ഫോമിനെക്കുറിച്ചുള്ള ചിന്ത തന്നെ അലട്ടുന്നില്ലെന്നു താന്‍ ഇപ്പോഴും മികച്ച രീതിയില്‍ തന്നെയാണ് ബാറ്റ് ചെയ്യുന്നതെന്നും കോലി പറഞ്ഞു. നേരത്തെ ആദ്യടെസ്റ്റിലെ കോലിയുടെ മോശം പ്രകടനത്തെ വിമർശിച്ചുകൊണ്ട് മുൻ താരമായ വിവിഎസ് ലക്ഷ്മൺ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കോലിയുടെ പ്രതികരണം.
 
ബാറ്റിംഗിനായി ക്രീസിലെത്തിയാല്‍ എല്ലായ്പ്പോഴുംആസുത്രണം ചെയ്യുന്നതു പോലെ സംഭവിക്കണമെന്നില്ലെന്നും തന്റെ ഫോമിനെ പറ്റി ആശങ്കപ്പെടുന്നില്ലെന്നും കോലി വ്യക്തമാക്കി.ചിലപ്പോള്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്താലും ഇത് സ്‌കോര്‍ ബോര്‍ഡില്‍ കാണണമെന്നില്ല. കാര്യങ്ങൾ നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ നടന്നെന്നുവരില്ല. എന്നാൽതിനെ പറ്റി ചിന്തിച്ചുകൊണ്ടിരുന്നാൽ അതിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങളെ മോശമാവാൻ മാത്രമെ സാഹായിക്കുകയുള്ളുവെന്നും കോലി വിശദമാക്കി.
 
പുറത്തുള്ളവർ തന്റെ ഫോമിനെ കുറിച്ചും ബാറ്റിങ്ങിനെ കുറിച്ചും പലതും ചർച്ചച്ചെയ്യുന്നുണ്ടാകും. എന്നാൽ അവരെ പോലെ ഞാൻ ചിന്തിക്കാറില്ല, അങ്ങനെ ചിന്തിച്ചാൽ സ്വന്തം ഫോമിനെക്കുറിച്ച് തനിക്കും സംശയങ്ങള്‍ തോന്നിത്തുടങ്ങുമെന്നും അടിസ്ഥാനകാരകാര്യങ്ങള്‍ ശരിയാക്കി നിലനിര്‍ത്തുന്നതിനൊപ്പം പരിശീലനത്തില്‍ കഠിനാധ്വാനം ചെയ്യുകയാണ് ഇപ്പോൾ പ്രധാനമെന്നും കോലി പറഞ്ഞു.
 
ന്യൂസിലൻഡ് പര്യടനത്തിൽ ഇതുവരെയും കളിച്ച മത്സരങ്ങളിൽ നിന്ന് 9 ഇന്നിങ്സുകളിൽ നിന്നായി ഒരേഒരു അർധ സെഞ്ച്വറി മാത്രമാണ് കോലിക്ക് നേടാനായത്. ഏകദിനമത്സരത്തിൽ നേടിയ 51 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മറ്റുള്ള മല്‍സരങ്ങളില്‍ 45, 11, 38, 11, 15, 9, 2, 19 എന്നിങ്ങനെയാണ് കോഹ്ലിയുടെ സ്‌കോറുകള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍