"വേഗം നാട് പിടി, ആ കളി ഇവിടെ നടക്കില്ല": ടീം ഇന്ത്യയ്‌ക്കെതിരെ മുൻ കിവീസ് താരം

ആഭിറാം മനോഹർ

ബുധന്‍, 26 ഫെബ്രുവരി 2020 (11:41 IST)
ന്യൂസിലൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ടീം ഇന്ത്യക്കെതിരെ വിമർശനവുമായി മുൻ ന്യൂസിലൻഡ് താരം ക്രെയ്‌ഗ് മക്മില്ലൻ. പ്രതികൂലമായ സാഹചര്യങ്ങളിൽ കളിക്കാനാവശ്യമായ യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് ഇന്ത്യ ബാറ്റ് വീശിയതെന്ന് മക്മില്ലൻ പറഞ്ഞു.
 
ഇന്ത്യയിൽ കളിക്കുന്നത് പോലെ വരുന്ന പന്തുകൾക്ക് നേരെയെല്ലാം ബാറ്റ് വീശുകയായിരുന്നു ഇന്ത്യൻ ബാറ്റ്സ്മാന്മാർ ചെയ്‌തത്. ഈ കളി ചിലപ്പോൾ മുട്ടിന് മുകളിൽ പന്ത് പൊങ്ങാത്ത ഇന്ത്യൻ പിച്ചുകളിൽ നടക്കുമായിരിക്കും എന്നാൽ ന്യൂസിലൻഡിൽ ആ കളി നടക്കില്ല. പന്ത് സ്വിംഗ് ചെയ്യുന്ന വെല്ലിംഗ്ടണിലെ സാഹചര്യങ്ങളില്‍ ടിം സൗത്തിയും ട്രെന്റ് ബോള്‍ട്ടും അപകടകാരികളാണെന്നും മക്മില്ലൻ പറഞ്ഞു.ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യന്‍ ടീം വെറും നാലു ദിവസത്തിനുള്ളില്‍ തകര്‍ന്നടിയുന്നത് ആദ്യമായി കാണുകയാണെന്നും മക്മില്ലൻ പറഞ്ഞു. പറഞ്ഞു.ഇന്ത്യക്കെതിരായ ന്യൂസിലന്‍ഡിന്റെ വിജയത്തിന് വലിയ പ്രാധാന്യമാണ് കിവീസ് മാധ്യമങ്ങളും നൽകിയത്. 
 
ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നവരെ കിവീസ് തകർത്തു എന്നായിരുന്നു ന്യൂസിലൻഡ് പത്രങ്ങൾ എഴുതിയത്, തുടർച്ചയായി വലിയ മാർജിനിൽ ഏഴ് മത്സരങ്ങൾ ജയിച്ചെത്തിയ ഒരു ടീമിനെ ഇത്തരത്തിൽ തോൽപ്പിക്കാനായത് വലിയ നേട്ടമാണെന്നും ഓസീസിനെതിരായ 3-0 തോല്‍വിക്കുശേഷം ഇന്ത്യയെ പോലൊരു ടീമിനെ തോല്‍പ്പിച്ചത് കിവീസ് ടീമിന് വലിയ ആത്മവിശ്വാസം നൽകുമെന്നും മാധ്യമങ്ങൾ റിപ്പോർട്ടിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍