ഏറെ കൈപ്പുണ്യമുള കൈയാണ് നിനക്ക് കൈ തന്നിരിക്കുന്നത് ജോഫിൻ, പ്രീസ്റ്റിന് വിജയാശംസകൾ നേർന്ന് ലാൽജോസ്

ശനി, 20 ഫെബ്രുവരി 2021 (19:52 IST)
മലയാളത്തിൽ നവാഗത സംവിധായകർക്ക് ഏറ്റവും കൂടുതൽ അവസരം കൊടുത്ത നായകൻ ആര് എന്നതിന് മമ്മൂട്ടി എന്ന ഒറ്റ ഉത്തരമാണുള്ളത്. ലാൽ ജോസ്,അൻവർ റഷീദ്,അമൽ നീരദ്,മാർട്ടിൻ പ്രക്കാട് എന്നിങ്ങനെ നീണ്ട നിര സംവിധായകരാണ് മമ്മൂട്ടിയുടെ കൈപിടിച്ച് സംവിധായകരായിട്ടുള്ളത്. ഇപ്പോഴിതാ നവാഗതൻ ജോഫിൻ ടി ജോൺ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റ് എന്ന ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് 'ഒരു മറവത്തൂര്‍ കനവി'ലൂടെ മമ്മൂട്ടിക്കൊപ്പം കരിയര്‍ ആരംഭിച്ച ലാല്‍ജോസ്.
 
ലാൽജോസിന്റെ വാക്കുകൾ
 
മുപ്പത്തിയൊന്ന് വയസ്സുളള ചെറുപ്പക്കാരന്റെ സിനിമാ സ്വപ്നത്തിനൊപ്പം നിൽക്കാൻ മമ്മൂട്ടിയെന്ന മഹാനടൻ തീരുമാനിച്ചയിടത്താണ് എന്റെ ജീവിതത്തിന്റെ റൂട്ട് മാറുന്നത്. എന്നെപോലെ സിനിമയുടെ വലിയ കോട്ടവാതിലുകൾക്കപ്പുറത്ത് പകച്ച് നിന്നിരുന്ന എത്രയോ നവാഗത സംവിധായകർ ആ ബലിഷ്ഠമായ കൈപിടിച്ച് ഇപ്പുറം കടന്നിരിക്കുന്നു.

ഇരുപത്തിനാല് കൊല്ലം മുമ്പ് ഒരു ഡിസംബർ മാസത്തിൽ മറവത്തൂർ കനവിലെ ചാണ്ടിയോട് മൈക്കിലൂടെ ആക്ഷൻ പറഞ്ഞപ്പോൾ കൺമുമ്പിൽ മഹാനടൻ ഞങ്ങളുടെ കഥാപാത്രമായി മാറുമ്പോൾ ഉളളിൽ മുഴങ്ങിയ പ്രാർത്ഥനകൾ. അതേ ഗുരുത്വ ചിന്തയോടെ ഇക്കുറി മമ്മൂക്ക അവതരിപ്പിക്കുന്ന നവാഗത സംവിധായകൻ ജോഫിൻ ടി. ചാക്കോക്ക് എല്ലാ വിജയാശംസകളും നേരുന്നു. 
 
പ്രിയ ജോഫിൻ, ഏറെ കൈപ്പുണ്യമുളള കയ്യാണ് നിനക്ക് കൈ തന്നിരിക്കുന്നത്. തുടക്കം പൊന്നാകട്ടെ!!!  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍