സഹായഹസ്തവുമായി പെൺ പുലികൾ

തിങ്കള്‍, 13 ഓഗസ്റ്റ് 2018 (14:25 IST)
പ്രകൃതിക്ഷോഭത്തില്‍ വലയുന്നവർക്ക് സഹായഹസ്തവുമായി ജില്ലാ ഭരണകൂടത്തോടൊപ്പം അന്‍പോടു കൊച്ചിയും മലയാള സിനിമാ താരങ്ങളും പങ്കുചേർന്നു. പാര്‍വതി, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, പൂര്‍ണിമാ മോഹന്‍ എന്നീ താരങ്ങളാണ് അന്‍പോടു കൊച്ചി എന്ന സംഘടനയ്ക്കൊപ്പം കടവന്ത്രയിലെ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന പ്രവര്‍ത്തന പരിപാടികളില്‍ പങ്കാളികളായത്.
 
ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ആവശ്യമായ സാധനങ്ങളാണ് അന്‍പോടു കൊച്ചി കൂട്ടായ്മ ശേഖരിക്കുന്നത്.  കൊച്ചിയില്‍ മാത്രം ദുരിത ബാധിതകര്‍ക്കായി അറുപതില്‍ അധികം ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സാധനങ്ങൾ ശേഖരിക്കാനും പായ്ക്ക് ചെയ്യാനുമൊക്കെ താരങ്ങൾ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു.  
 
എറണാകുളം മാഞ്ഞൂരിലെ ദുരിതാശ്വാസ ക്യാമ്പ് നടന്‍ ജയസൂര്യ സന്ദര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പിലെ ആളുകള്‍ക്ക് അരി വിതരണം ചെയ്താണ് ജയസൂര്യ തന്റെ പിന്തുണ അറിയിച്ചത്.  
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ നല്‍കിയത്. നേരത്തെ താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. 
 
ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടി 15 ലക്ഷവും ദുൽഖർ സൽമാൻ 10 ലക്ഷവും നൽകി. മമ്മൂട്ടി കഴിഞ്ഞ ദിവസം പുത്തന്‍വേലിക്കരയിലെ ക്യാമ്പില്‍എത്തിയിരുന്നു. ധൈര്യമായിട്ടിരിക്കാന്‍ മമ്മൂട്ടി ആളുകളോട് ആവശ്യപ്പെട്ടു. എല്ലാവിധ സഹായങ്ങളും എല്ലാവരും ചെയ്യുമെന്നും ആരും സങ്കടപ്പെടരുതെന്നും മനസ്സ് മടുക്കരുതെന്നും താരം ആവശ്യപ്പെട്ടു. 
 
കാലവര്‍ഷക്കെടുതിയില്‍ മലയാളികള്‍ക്ക് സഹായ ഹസ്തവുമായി തമിഴ് നടന്മാരുള്‍പ്പെടെ രംഗത്ത് വന്നിരുന്നു. സഹോദരന്മാരായ കാര്‍ത്തിയും സൂര്യയും 25 ലക്ഷരൂപ കൊടുത്തപ്പോള്‍ കമല്‍ഹാസന്‍ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. തെലുങ്ക് യുവതാരങ്ങളും തങ്ങളാൽ കഴിയുന്ന തുക സംഭാവന നൽകിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍