സമാധാനപരമായ അധികാര കൈമാറ്റം വേണം, ട്രംപ് അനുകൂലികളുടെ കടന്നുകയറ്റത്തെ തള്ളി മോദി

വ്യാഴം, 7 ജനുവരി 2021 (09:43 IST)
യുഎസ് ക്യാപിറ്റോൾ മന്ദിരത്തിലേയ്ക്ക് ട്രംപ് അനുകൂലികൾ അതിക്രമിച്ച് കയറിയതിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനപരമായ അധികാര കൈമാറ്റം നടക്കണം എന്നും നിയമവിരുദ്ധ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിയ്ക്കാൻ അനുവദിച്ചുകൂടാ എന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. 
 
'വാഷിങ്ടൺ ഡിസിയിൽനിന്നുമുള്ള അക്രമത്തിന്റെയും കലാപത്തിന്റെയും വാർത്തകൾ അപലപനീയമാണ്. നിയമാതിഷ്ടിവും സമാധാനപരമായും അധികാര കൈമാറ്റം തുടരണം. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിയ്ക്കൻ അനുവദിച്ചുകൂടാ.' നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. അമേരിക്കയെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് യുഎസ് പാർലമെന്റിലേയ്ക്ക് ട്രംപ് അനുകൂലികൾ അതിക്രമിച്ചുകയറിയത്. ജോ ബൈഡന്റെ വിജയം അംഗീകരിയ്ക്കാൻ അമേരിക്കൻ കോൺഗ്രസ്സിന്റെ ഇരു സഭകളും സമ്മേളിയ്ക്കുന്നതിനിടെയാണ് പുറത്ത് പ്രകടനവുമായി എത്തിയ ട്രംപ്‌ അങ്കൂലികൾ സെനറ്റിലും സഭാഹാളിലും കടന്നത്. ഇതോടെ ഇരു സഭകളും അടിയന്തരമായി നിർത്തിവയ്ക്കുകയായിരുന്നു.
 
യുഎസ് ചരിത്രത്തിൽ ഇതാദ്യമായാണ് സഭാ സമ്മേളനത്തിനിടെ ഇത്ര വലിയ സുരക്ഷാ വീഴ്ചയുണ്ടാകുന്നത്. കാപ്പിറ്റോൾ മന്ദിരത്തിനുള്ളിൽ ഒരു സ്ത്രീ വെടിയേറ്റ് മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിലേയ്ക്ക് മാറ്റിയുട്ടുണ്ട്. കലാപം സൃഷ്ടിയ്ക്കാനുള്ള ശ്രമം എന്നാണ് സംഭവത്തെ ജോ ബൈഡൻ വിശേഷിപ്പിച്ചത്. പിൻവാങ്ങാൻ അനുകൂലികൾക്ക് നിർദേശം നൽകാൻ ബൈഡൻ ട്രംപിനോട് ആവശ്യപ്പെട്ടു. പ്രതിഷേധക്കാരോട് സമാധാനം പാലിയ്ക്കാനും മടങ്ങിപ്പോകാനും ട്രംപ് അഭ്യർത്ഥിച്ചു. എന്നാൽ ബൈഡന്റെ വിജയം അംഗീകരിയ്ക്കില്ലെന്നും ട്രംപ് ആവർത്തിച്ചു.

Distressed to see news about rioting and violence in Washington DC. Orderly and peaceful transfer of power must continue. The democratic process cannot be allowed to be subverted through unlawful protests.

— Narendra Modi (@narendramodi) January 7, 2021

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍