വനിതകള്‍ക്ക് മാത്രമായി ചെസ് ടൂര്‍ണമെന്റ്; ആകര്‍ഷകമായ സമ്മാനങ്ങള്‍

വ്യാഴം, 22 ഏപ്രില്‍ 2021 (17:27 IST)
ലോകമെമ്പാടുമുള്ള മലയാളിവനിതകൾക്ക് വേണ്ടി ഒരു ചെസ്സ് മത്സരപരമ്പര നടത്താൻ ഒരുങ്ങുകയാണ് ചെസ്സ് കേരള.
 
കളിക്കാരിൽ നിന്നും രജിസ്ട്രേഷൻ ഫീസ് ഇല്ലാതെ പല ടൂർണമെൻ്റുകളും വിജയകരമായി പൂർത്തിയാക്കിയ ചെസ്സ് കളിക്കാരുടെ ഈ സംഘടന ഇത്തവണയും ഫീസ് ഇല്ലാതെ ആണ് 50000 രൂപ സമ്മാനത്തുകയോടെ ഈ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്.
 
ഏത് പ്രായത്തിലുള്ളവർക്കും വീട്ടിൽ ഇരുന്നുകൊണ്ട് ഓൺലൈനായി മത്സരത്തിൽ  പങ്കെടുക്കാം.
 
ആകെ പത്ത് മത്സരങ്ങൾ അടങ്ങുന്നതാണ് ചെസ്സ് കേരളാ വിമൻസ് ഗ്രാൻഡ് പ്രീ മത്സര പരമ്പര.സ്ത്രീകൾക്ക് വേണ്ടി നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രാൻഡ് പ്രീ മത്സര പരമ്പര കൂടെയാണ് ഇത്.
 
8 പ്രാഥമിക മത്സരങ്ങളിൽ കേരളത്തിലെ ആദ്യകാല 8 വനിതാ സംസ്ഥാന ജേതാക്കളെ ആദരിക്കുന്നതാണ്.
 
ആദ്യ ഘട്ട മത്സരങ്ങളും മെഗാ ഫൈനലും ഓൺലൈൻ ആയാണ് നടത്തുന്നത്.
 
8 പ്രാഥമിക മത്സരങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച 50 കളിക്കാർ മെഗാഫൈനലിൽ മാറ്റുരക്കും.
 
മെഗാഫൈനലിൽ മുന്നിലെത്തുന്ന 26 കളിക്കാർ ജുലായ് 11ന് തൃശൂർ ശക്തൻ തമ്പുരാൻ കോളജിൽ വെച്ച് നടക്കുന്ന സൂപ്പർ ഫൈനലിൽ അന്തിമ ജേതാക്കളെ തീരുമാനിക്കാനായി ഏറ്റുമുട്ടും.
 
 മെയ് 1 മുതൽ എല്ലാ ശനി ദിവസങ്ങളിൽ വൈകീട്ടാണ് മത്സരങ്ങൾ നടക്കുക.
 
ആദ്യമായി ഒരു ചെസ്സ് മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് 3 ചെസ്സ് പുസ്തകങ്ങൾ സമ്മാനിക്കുന്നു എന്നത് ഈ മത്സരത്തിൻ്റെ മറ്റൊരു സവിശേഷതയാണ്.
 
പങ്കെടുക്കാൻ താല്പര്യമുള്ളവർ http://chesskerala.org എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 25ന് മുമ്പായി രജിസ്റ്റർ ചെയ്യണം.
 
സംശയ നിവാരണത്തിന് ഹെൽപ് ഡസ്ക് സംവിധാനവും വെബ്സൈറ്റ് വഴി ലഭ്യമാണ്.
 
മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് പുറമെ സംഘാടനത്തിനും സ്ത്രീകൾ തന്നെയാണ് ചുക്കാൻ പിടിക്കുന്നത് എന്നത് ഈ മത്സരത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു.
 
എല്ലാ മേഖലയിലും സ്ത്രീകളെ മുൻ നിരയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവട് മുന്നോട്ട് വെക്കുകയാണ് ചെസ്സ് കേരള.


ഹെല്‍പ്പ് ഡെസ്‌ക്
 
99477 08822
94474 67308
79949 04636

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍