ഗുജറാത്തിൽ ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണ്, എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വാസമില്ല; വിമര്‍ശനവുമായി ശിവസേന

ഞായര്‍, 17 ഡിസം‌ബര്‍ 2017 (10:16 IST)
ബിജെപിക്ക് നേരെ ആഞ്ഞടിച്ച് ശിവസേന. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വാസമില്ലെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. ഗുജറാത്തില്‍ ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം വളരെ ശക്തമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
 
അതുകൊണ്ടുതന്നെയാണ് ഗുജറാത്തിലെ രാഷ്ട്രീയ സാഹചര്യവും എക്സിറ്റ് പോൾ ഫലങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് പറയുന്നത്. എന്തായാലും തിങ്കളാഴ്ച പുറത്തുവരാനിരിക്കുന്ന അന്തിമ ഫലത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.  
 
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി രാഹുൽ ഗാന്ധി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവർത്തകരിലും ഗുജറാത്തിലെ ജനങ്ങളിലുമുള്ള അദ്ദേഹത്തിന്റെ വിശ്വാസം വിജയം കാണുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
എൻഡിഎ സർക്കാരിൽനിന്ന് രാജ്യം ഒരുപാട് പ്രതീക്ഷിച്ചിരുന്നു. എന്നാൽ തൊഴിൽ രഹിതർക്കായും കർഷകർക്കായും ഒരു പദ്ധതിയും അവർ തയാറാക്കിയില്ല. അധികാരത്തിലെത്തിയ ശേഷം ശിവസേന തങ്ങളുടെ ഉറപ്പുകളിൽനിന്ന് പിന്മാറിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍