രാജ്യത്ത് പ്രക്ഷോഭം നടക്കുമ്പോൾ രാഹുൽ ഗാന്ധി ദക്ഷിണകൊറിയയിൽ

അഭിറാം മനോഹർ

ചൊവ്വ, 17 ഡിസം‌ബര്‍ 2019 (12:09 IST)
കേന്ദ്ര സർക്കാർ നടപിലാക്കിയ പൗരത്വ ഭേദഗതിനിയമത്തിനെതിരായുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെടുമ്പോൾ കോൺഗ്രസ്സ് മുൻ അധ്യക്ഷനും വയനാട് എം പിയുമായ രാഹുൽ ഗാന്ധിയുടെ അസ്സാന്നിധ്യം ചർച്ചയാകുന്നു. രാഹുൽ ഗാന്ധി ഔദ്യോഗിക ആവശ്യങ്ങൾക്കായി ദക്ഷിണകൊറിയ സന്ദർശിക്കുകയാണെന്ന് കോൺഗ്രസ്സ് നേത്രുത്വത്തെ ഉദ്ധരിച്ച് ഐ എൻ എസ് റിപ്പോർട്ട് ചെയ്തു.
 
കഴിഞ്ഞ ദിവസം ജാമിയ മില്ലിയ,അലിഗഡ് സർവകലാശാല വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യാ ഗേറ്റിന് മുന്നിൽ പ്രിയങ്കാ ഗാന്ധിയുടെ നേത്രുത്വത്തിൽ കോൺഗ്രസ്സ് നേതാക്കൾക്കൊപ്പം കുത്തിയിരിപ്പ് സമരം നടന്നപ്പോൾ രാഹുലിന്റെ അസ്സാന്നിധ്യം ശ്രദ്ധേയമായിരുന്നു.
 
രാജ്യത്ത് നിർണായകമായ സംഭവങ്ങൾ നടക്കുമ്പോഴാണ് സമരങ്ങൾക്ക് നേത്രുത്വം നൽകേണ്ട രാഹുൽ ഗാന്ധിയുടെ അസ്സാന്നിധ്യം ചർച്ചയാകുന്നത്. നേരത്തെ കോൺഗ്രസ്സ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയിൽ രാഹുൽ ഗാന്ധിയുടെ ബി ജെ പിക്കെതിരായ പരാമർശങ്ങൾ വ്യാപകമായ മാധ്യമശ്രദ്ധ നേടിയിരുന്നു. റേപ്പ് ഇൻ ഇന്ത്യാ വിഷയത്തിൽ മാപ്പ് പറയാൻ താൻ തയ്യാറല്ലെന്നും തന്റെ പേര് സവർക്കർ അല്ലെന്നും രാഹുൽ ഗാന്ധിയാണെന്നുമായിരുന്നു രാഹുലിന്റെ മറുപടി.
 
ഇതിനിടെയാണ് തിങ്കളാഴ്ച രാഹുൽ ദക്ഷിണകൊറിയയിലേക്ക് പോയത്. അദ്ദേഹം എന്ന് തിരിച്ചെത്തുമെന്ന കാര്യത്തിൽ പാർട്ടിക്ക് വ്യക്തതയില്ലെന്നാണ് അറിയുന്നത്. നിലവിൽ രാഹുൽ ഗാന്ധിയുടെ അഭാവത്തിൽ പ്രിയങ്കാ ഗാന്ധിയാണ് പ്രക്ഷോഭങ്ങൾക്ക് നേത്രുത്വം നൽകുന്നത്. നിരവധി പേരാണ് സമരങ്ങളിൽ രാഹുൽ ഗാന്ധിയുടെ അസ്സാന്നിധ്യത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍