കൊറോണ വൈറസ്: രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

അഭിറാം മനോഹർ

വ്യാഴം, 30 ജനുവരി 2020 (15:40 IST)
ഇന്ത്യയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുൻപ് തന്നെ ആവശ്യമായ പ്രതിരോധനടപടികൾ സ്വീകരിച്ചിരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. ചൈനയിലെ വുഹാനില്‍നിന്ന് തിരിച്ചെത്തിയ മലയാളി വിദ്യാര്‍ഥിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. വൈറസ് ബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
 
ചൈനയിൽ കൊറോണ വൈറസ് വ്യാപിച്ചതോടെ ചൈനയില്‍നിന്ന് തിരിച്ചെത്തുന്ന എല്ലാവര്‍ക്കും വിമാനത്താവളങ്ങളില്‍ ആവശ്യമായ മെഡിക്കല്‍ പരിശോധന നടത്തി സുരക്ഷാ മുന്നൊരുക്കം നടത്തിയിരുന്നതായി മന്ത്രി വ്യക്തമാക്കി. ഇത് കൂടാതെ വൈറസിനെ പ്രതികരിക്കാൻ ശക്തമായ പ്രതിരോധ നടപടികളും കേന്ദ്രം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 
കേരളത്തിൽ തിരിച്ചെത്തിയ വുഹാൻ സർവകലാശാല വിദ്യാര്‍ഥിക്കാണ് വ്യാഴാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേ സമയം വിദ്യാർഥി ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില ഗുരുതരമല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചൈനക്ക് പുറമെ ഇന്ത്യയുടെ അയൽ രാജ്യങ്ങളായ നേപ്പാളിലും ശ്രീലങ്കയിലും രോഗബാധ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമെ 17ഓളം രാജ്യങ്ങളിലായി നിരവധി പേർ നിരീക്ഷണത്തിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍