മൊബൈൽ മോഷ്ടിച്ച് എന്നാരോപിച്ചു വീട്ടമ്മയെ മർദ്ദിച്ച വ്യാപാരി വിഷം ഉള്ളിൽ ചെന്ന നിലയിൽ നിലയിൽ

ഞായര്‍, 27 ഓഗസ്റ്റ് 2023 (12:06 IST)
കോട്ടയം: മൊബൈൽ ഫോൺ മോഷ്ടിച്ച് എന്നാരോപിച്ചു വീട്ടമ്മയുടെ മുഖത്ത് അടിച്ച വ്യാപാരിയെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി. കറുകച്ചാൽ ബസ് സ്റ്റാൻഡിനുള്ളിൽ ഗിഫ്റ്റ് ഹൌസ് നടത്തുന്ന എം.പി.ജോയി എന്ന 65 കാരനെയാണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ എൻ.എസ്.എസ് പടിയിലെ റബ്ബർ തോട്ടത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് നെടുങ്കുന്നം സ്വദേശിയായ വീട്ടമ്മയെ ഇയാൾ മൊബൈൽ ഫോൺ മോഷ്ടിച്ച് എന്നാരോപിച്ചു ബസ് സ്റ്റാൻഡിൽ വച്ച് അടിച്ചത്. എന്നാൽ സംഭവത്തിന് സാക്ഷികളായവരോട് വീട്ടമ്മ തന്റെ മൊബൈൽ ഫോൺ കടയിൽ വച്ച് മാറിപ്പോയ വിവരം പറയുകയും ചെയ്തു.
 
തുടർന്ന് വിവരം അറിഞ്ഞെത്തിയ പോലീസിനോട് താൻ കടയിൽ സാധനം വാങ്ങാൻ പോയ സമയത്ത് ജോയിയുടെ മേശപ്പുറത്തു തന്റെ മൊബൈൽ ഫോൺ വച്ചെന്നും അബദ്ധത്തിൽ അവിടെയിരുന്നു ജോയിയുടെ ഫോൺ മാറി എടുക്കുകയും ചെയ്ത വിവരം അറിയിച്ചു. പിന്നീട് ഇവർ കടയിലെത്തി മൊബൈൽ കൊണ്ടുപോവുകയും ചെയ്തു. എന്നാൽ ജോയി തന്നെ മർദ്ദിച്ചതിൽ വീട്ടമ്മ പോലീസിൽ പരാതിയൊന്നും നൽകിയിരുന്നില്ല. തെറ്റിധാരണ കൊണ്ട് ഇത് സംഭവിച്ചതാണെന്ന് പിന്നീട് ജോയിയും സമ്മതിച്ചിരുന്നു.
 
കറുകച്ചാൽ പോലീസ് ജോയിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് നാട്ടുകാർ ഇയാളെ അബോധാവസ്ഥയിൽ റബ്ബർ തോട്ടത്തിൽ കണ്ടെത്തിയത്. ഉടൻ തന്നെ വിവരം പോലീസിൽ അറിയിക്കുകയും തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. വീട്ടമ്മയെ മർദ്ദിച്ച സംഭവത്തിലെ മാനസിക വിഷമമാവാം ജോയി വിഷം കഴിക്കാൻ ഇടയായതെന്നാണ് പോലീസ് കരുതുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍