ഡൽഹിയിലെ കളി മതിയാക്കി കുഞ്ഞാലിക്കുട്ടി, ഇനി സംസ്ഥാനരാഷ്ട്രീയത്തിൽ, എംപി സ്ഥാനം രാജിവെക്കും

ബുധന്‍, 23 ഡിസം‌ബര്‍ 2020 (16:50 IST)
മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. എംപി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. മലപ്പുറത്ത് ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.
 
നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പും വരുന്ന രീതിയിലാകും രാജി.എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നത് പാര്‍ട്ടി തീരുമാനമാണെന്നും വ്യക്തികളുടെ അഭിപ്രായമല്ലെന്നും കെപിഎ മജീദ് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
 
നേരത്തെ വേങ്ങര നിയമസഭാ മണ്ഡലത്തിൽ നിന്നു ജയിച്ച് എംഎൽഎ ആയ ശേഷം ആ സ്ഥാനം രാജിവെച്ചാണ് പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചത്. 2019ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടൽപ്പിൽ രാഹുൽ ഗാന്ധി കഴിഞ്ഞാൽ കേരളത്തിൽ നിന്ന് ഏറ്റവും അധികം ഭൂരിപക്ഷം ലഭിച്ചത് കുഞ്ഞാലിക്കുട്ടിക്കായിരുന്നു.സിപിഎമ്മിന്റെ വി.പി സാനുവിനോട് മത്സരിച്ച് 2.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കുഞ്ഞാലിക്കുട്ടി ജയിച്ചു കയറിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് വർഷം പോലും തികയും മുൻപാണ് കുഞ്ഞാലിക്കുട്ടി ഇപ്പോൾ എംപി സ്ഥാനം രാജിവെക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍