എന്ത് കരാർ ? ആരൊപ്പിട്ടു ? പ്രതിപക്ഷ നേതാവിന്റെ ആരോപണം അസംബന്ധമെന്ന് ജെ മേഴ്സിക്കുട്ടിയമ്മ

വെള്ളി, 19 ഫെബ്രുവരി 2021 (11:30 IST)
അമേരിക്കൻ കമ്പനികൾക്ക് കേരളാ തീരത്ത് മത്സ്യബന്ധനം നടത്തുന്നതിന് സർക്കാർ 5000 കോടിയുടെ കരാർ ഒപ്പിട്ടു എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തെ തള്ളി ഫിഷറീഷ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പ്രതിപക്ഷ നേതാവിന്റെ ആരോപണം അസംബന്ധമാണെന്നും ഏത് കരാർ ആരൊപ്പിട്ടു എന്നാണ് പറയുന്നത് എന്നും മേഴ്സിക്കുട്ടിയമ്മ ചോദിച്ചു. ചെന്നിത്തലയുടെ ആരോപണത്തെക്കുറിച്ച് എനിയ്ക്ക് ധാരണയില്ല. വ്യവസായ വകുപ്പുമായി കരാറിലേർപ്പെട്ടോ എന്നത് പ്രശ്നമല്ല. ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകേണ്ടത് ഫിഷറീസ് വകുപ്പാണ്. ഫിഷറീസ് വകുപ്പിന് മുന്നിൽ ഇത്തരം ഒരുപേക്ഷയില്ല. വിദേശ കപ്പലുകൾക്ക് കേരള തീരത്ത് മത്സ്യബന്ധനത്തിന് അനുമതി നൽകില്ല.
 
കലക്കവെള്ളത്തിൽ മീൻപിടിയ്ക്കാൻ പ്രതിപക്ഷ നേതാവ് നടത്തുന്ന ശ്രമം മാത്രമാണിത്. അദ്ദേഹത്തിന് മാനസിക നില തെറ്റിയിരിയ്ക്കുകയാണ്. ഇപ്പോൾ 5000 കോടിയുടെ കരാറുമായി വന്നിരിയ്ക്കുന്നു. ഈ കോടികൾക്കൊന്നും ഒരു വിലയുമില്ലെ, മത്സ്യത്തോഴിലാളികളെ തെറ്റിദ്ധരിപ്പിയ്ക്കാം എന്ന വ്യാമോഹത്തോടെയാണ് ഈ പണിയ്ക്ക് ഇറങ്ങിയിരിയ്ക്കുന്നത് എങ്കിൽ ആ വച്ച പരിപ്പ് അങ്ങ് വാങ്ങി വച്ചേയ്ക്ക്. 2018ൽ യുഎന്നിൽ ചർച്ചയ്ക്ക് പോയിരുന്നു. മൂന്ന് ദിവസമാണ് അമേരിക്കയിൽ ഉണ്ടായിരുന്നത്. ടികെഎം കോളേജ് പ്രിൻസിപ്പൽ, കൊല്ലം ജില്ലാ കളക്ടർ എന്നിവരും ഒപ്പമുണ്ടായിരുന്നു. യുഎൻ ചർച്ചയിൽ പങ്കെടുത്തതല്ലാതെ മറ്റാരുമായും കൂടിക്കാഴ്ച നടത്തിയിട്ടില്ല എന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍