കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് ബാലന്മാര്‍ മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍

വ്യാഴം, 4 മാര്‍ച്ച് 2021 (18:54 IST)
വെള്ളനാട്: കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് ബാലന്മാര്‍ മുങ്ങിമരിച്ചു. വെള്ളനാട് വെളിയന്നൂര്‍ വില്ലിപ്പാറ കടവില്‍ കൂട്ടുകാരുമൊത്തു കുളിക്കാനിറങ്ങി ഒഴുക്കില്‍പെട്ടാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ ബാലന്മാര്‍ മുങ്ങിമരിച്ചത്.
 
വെള്ളനാട് ചാങ്ങ സൗമ്യ ഭവനില്‍ നികേഷിന്റെ മകന്‍ സൂര്യ (14), വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡായ വെളിയന്നൂര്‍ അഞ്ജനയില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ അക്ഷയ് കൃഷ്ണ (14) എന്നിവരാണ് മരിച്ചത്. ഇരുവരും വെള്ളനാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.
 
കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെയാണ് ഇവരുടെ സുഹൃത്തായ അനന്തുവിനെ വീട്ടില്‍ എത്തിയതും തുടര്‍ന്ന് സമീപത്തെ കടവില്‍ കുളിക്കാന്‍ എത്തിയതും. ആദ്യം അക്ഷയ് കൃഷ്ണ വെള്ളത്തിലിറങ്ങിയതും ഒഴുക്കില്‍ പെട്ടു. തുടര്‍ന്ന് രക്ഷിക്കാനായി ഇറങ്ങിയ സൂര്യയും ഒഴുക്കില്‍ പെട്ടു.
 
കൂട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും കരയ്ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍