സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിലേക്ക് മോഹൻലാലിനെ ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി എ കെ ബാലൻ

ചൊവ്വ, 24 ജൂലൈ 2018 (12:04 IST)
സംസ്ഥാന പുരസ്കാര ചടങ്ങിൽ മോഹൻലാലിനെ മുഖ്യ അതിഥിയാക്കുന്നതിലെ വിവാദങ്ങളെത്തുടർന്ന് ഔദ്യോഗിക വിശദീകരണവുമായി മന്ത്രി എ കെ ബാലൻ. മോഹൻലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മോഹൻലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാന് മന്ത്രിയുടെ മറുപടി.
 
മോഹന്‍ലാലിലെ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് ചലചിത്ര പ്രവര്‍ത്തകരടക്കം 107 പേര്‍ മന്ത്രിക്ക് ഹര്‍ജി നല്‍കിയിരുന്നു. ഇതുവരെ മോഹന്‍ലാലിനെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ഇത്തരത്തിലുള്ള വിവാദം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.
 
മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം ഇതുവരെ കിട്ടിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ അറിയാത്ത കാര്യത്തെക്കുറിച്ചു അഭിപ്രായം പറയുന്നത് എങ്ങനെയാണെന്ന് മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു.
 
തിരുവനന്തപുരത്ത് ഓഗസ്റ്റ് എട്ടിനു നടക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പേരു പറയാതെ എതിര്‍പ്പുമായി ഒരു സംഘം രംഗത്തെത്തിയത്. എന്നാല്‍ ഈ സംഘത്തില്‍ തന്റെ പേരും ഒപ്പും താനറിയാതെയാണ് ചേര്‍ത്തതെന്ന് നടന്‍ പ്രകാശ് രാജ് വ്യക്തമാക്കുകയും എതിര്‍പ്പുമായി രംഗത്തുവരികയും ചെയ്തു.
 
എഴുത്തുകാരായ എൻ എസ് മാധവൻ‍, സച്ചിദാനന്ദൻ‍, കെ.ജി.ശങ്കരപ്പിള്ള, സേതു, എം.എൻ‍.കാരശേരി, സി.വി.ബാലകൃഷ്ണൻ‍, വി.ആർ‍.സുധീഷ് തുടങ്ങിയവരും സിനിമാ മേഖലയില്‍നിന്ന് രാജീവ് രവി, എം.ജെ.രാധാകൃഷ്ണൻ‍, പ്രിയനന്ദനൻ‍, സിദ്ധാര്‍ഥ് ശിവ, ഡോ.ബിജു, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കൽ‍, സജിത മഠത്തില്‍ തുടങ്ങിയവരുമാണ് നിവേദനത്തില്‍ ഒപ്പിട്ടിട്ടുള്ളത്. വൈസ് ചെയര്‍പഴ്‌സന്‍ ബീന പോള്‍ ഉള്‍പ്പെടെ ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ ചിലരും നിവേദനത്തില്‍ ഒപ്പുവച്ചതോടെ വിഷയത്തില്‍ അക്കാദമിയിലെ ഭിന്നതയും പുറത്തുവന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍