പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങിയത് യുവാക്കൾ, മൃതദേഹം കണ്ട സ്ഥലയുടമ മൃതദേഹങ്ങൾ കുഴിച്ചിട്ടു, ഞെട്ടിക്കുന്ന സംഭവം പാലക്കാട്

ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (12:29 IST)
പാലക്കാട് കരിങ്കരപ്പുള്ളിയില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ട സംഭവത്തില്‍ നിര്‍ണായകമായ വിവരങ്ങള്‍ പുറത്ത്. പാടത്ത് പന്നിക്ക് വേണ്ടി വെച്ച വൈദ്യുത കെണിയില്‍ കുരുങ്ങിയാണ് യുവാക്കള്‍ മരിച്ചത്. മൃതദേഹം കണ്ടപ്പോള്‍ അത് കുഴിച്ചിടുകയായിരുന്നുവെന്ന് സ്ഥലയുടമ മൊഴി നല്‍കി.
 
 
യുവാക്കള്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4:50ന് 4 പേര്‍ രണ്ടുവഴിക്കായി ഓടുകയായിരുന്നു. പിന്നീട് ഇവരെ കാണാനായില്ല. ഇക്കാര്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. ഒരു അടിപിടി കേസുമായി ബന്ധപ്പെട്ട് സതീഷ്,ഷിജിത്ത്,അഭിന്‍,അജിത് എന്നിവര്‍ക്കെതിരെ കസബ പോലീസ് കേസെടുത്തിരുന്നു. പോലീസ് ഇവര്‍ നാലുപേര്‍ക്കുമായുള്ള തെരച്ചിലിലായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ 4 പേരും അമ്പലപ്പറമ്പില്‍ സതീഷിന്റെ ബന്ധുവീട്ടിലായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ പോലീസിനെ ഭയന്നാണ് ഇവര്‍ നാലുപേരും 2 ദിശകളിലായി ഓടിയത്. അഭിനും അജിത്തും പിന്നീട് വേനോലിയില്‍ എത്തിയെങ്കിലും സതീഷിനെയും ഷിജിത്തിനെയും കണ്ടെത്താനായില്ല. ഫോണ്‍ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെ അഭിനും അജിത്തും കസബ പോലീസ് സ്‌റ്റെഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
 
തുടര്‍ന്ന് ഇരുവരെയും കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കൊടുമ്പ് സ്‌കൂളിന് സമീപത്തെ പാടത്തെ മണ്ണ് മാറികിടക്കുന്നത് കണ്ടത്. മണ്ണ് നീക്കിയപ്പോള്‍ മൃതദേഹങ്ങള്‍ വയറു കീറിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരാളുടെ കാലിന് മുകളില്‍ മറ്റൊരാളുടെ തലവരുന്ന രീതിയില്‍ ഒന്നിന് മുകളില്‍ ഒന്നായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മരണപ്പെട്ടത് ഷിജിത്, സതീഷ് എന്നിവരാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിക്കുകയായിരുന്നു.
 
ഇന്നലെ വൈകിട്ടോടെയാണ് അമ്പലപ്പറമ്പ് പാല്‍നീരി കോളനിക്കു സമീപത്തെ നെല്‍പാടത്തു 2 യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കാട്ടുപന്നിക്ക് വെച്ച വൈദ്യുതകെണിയില്‍ പെട്ടാണ് യുവാക്കള്‍ മരിച്ചതെന്നും പരിഭ്രാന്തിയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിടുകയായിരുന്നുവെന്നും സ്ഥലമുടമ അനന്തന്‍ പോലീസില്‍ മൊഴി നല്‍കി. ആഴത്തില്‍ കുഴിയെടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ യുവാക്കളുടെ വയറ്റില്‍ ബ്ലേഡ് കൊണ്ട് മുറിവുണ്ടാക്കി. ചതുപ്പില്‍ താഴ്ന്നു കിടക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പ്രതി മൊഴി നല്‍കി.
 
അതേസമയം പുറത്തെടുത്ത മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ സംഭവത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നും പ്രതിക്കെതിരെ തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തുമെന്നും പാലക്കാട് എസ് പി അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍