IPL: 699 ദിവസങ്ങള്‍ക്ക് ശേഷം ഹര്‍ഭജന്‍ സിങ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍

നെൽവിൻ വിൽസൺ

തിങ്കള്‍, 12 ഏപ്രില്‍ 2021 (11:05 IST)
ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറെ ആവേശം പകരുന്ന കാഴ്ചയായിരുന്നു ഐപിഎല്ലില്‍ ഇന്നലെ കണ്ടത്. ഇന്ത്യയുടെ മുതിര്‍ന്ന ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചു. 699 ദിവസങ്ങള്‍ക്ക് ശേഷമാണ് ഹര്‍ഭജന്‍ ഒരു പ്രൊഫഷണല്‍ ക്രിക്കറ്റ് മത്സരത്തിനായി കളത്തിലിറങ്ങിയത്. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തിലാണ് കൊല്‍ക്കത്തയ്ക്കായി ഹര്‍ഭജന്‍ കളത്തിലിറങ്ങിയത്. 2019 മേയ് 12 നായിരുന്നു ഹര്‍ഭജന്‍ അവസാനമായി ഒരു പ്രൊഫഷണല്‍ മത്സരം കളിച്ചത്. 2019 ലെ ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയായിരുന്നു അത്. 
 
ഹൈദരബാദിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്കായി ആദ്യ ഓവര്‍ എറിയാനുള്ള അവസരം ഹര്‍ഭജന് ലഭിച്ചു. എന്നാല്‍, ഒരു ഓവര്‍ മാത്രമാണ് പാജി ഈ മത്സരത്തില്‍ എറിഞ്ഞത്. എട്ട് റണ്‍സ് വിട്ടുകൊടുത്ത ഹര്‍ഭജന് വിക്കറ്റൊന്നും ലഭിച്ചില്ല. 
 
കഴിഞ്ഞ രണ്ട് സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ചിരുന്ന ഹര്‍ഭജനെ ഇത്തവണ അടിസ്ഥാന വിലയായ രണ്ട് കോടിക്ക് കൊല്‍ക്കത്ത സ്വന്തമാക്കുകയായിരുന്നു. ഐപിഎല്ലില്‍ 160 മത്സരങ്ങളില്‍ നിന്നായി 150 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ബൗളര്‍മാരില്‍ അഞ്ചാം സ്ഥാനത്താണ് ഹര്‍ഭജന്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍