Virat Kohli: ഇത്ര 'അഗ്രസീവ്' ആവണ്ട; അംപയറോട് കലഹിച്ച വിരാട് കോലിക്ക് പിഴ

രേണുക വേണു

തിങ്കള്‍, 22 ഏപ്രില്‍ 2024 (20:29 IST)
Virat Kohli

Virat Kohli: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോലിക്ക് പിഴ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ അംപയറോട് കലഹിച്ചതിനാണ് കോലിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തിയത്. ഐപിഎല്‍ പെരുമാറ്റച്ചട്ടം 2.8 പ്രകാരം ലെവല്‍ ഒന്ന് കുറ്റകൃത്യമാണ് കോലി ചെയ്തതെന്ന് ഐപിഎല്‍ കമ്മിറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു. അംപയറുടെ തീരുമാനം ചോദ്യം ചെയ്യാന്‍ കളിക്കാര്‍ക്ക് അനുവാദമില്ലെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ കോലി ഈ നിയമം ലംഘിച്ചു. 
 
കൊല്‍ക്കത്ത പേസര്‍ ഹര്‍ഷിത് റാണയുടെ ഫുള്‍ ടോസ് ബോളില്‍ ഡയറക്ട് ക്യാച്ച് നല്‍കിയാണ് കോലി പുറത്തായത്. ഏഴ് പന്തില്‍ ഒരു ഫോറും രണ്ട് സിക്സും സഹിതം 18 റണ്‍സാണ് കോലി നേടിയത്.  ഹര്‍ഷിത് റാണയുടെ പന്ത് ഒറ്റനോട്ടത്തില്‍ കോലിയുടെ അരക്കെട്ടിനു മുകളിലേക്കാണ് എത്തിയത്. ഏകദേശം നെഞ്ചിനോട് ചേര്‍ന്നാണ് കോലി ആ പന്ത് പിക്ക് ചെയ്തത്. നോ ബോള്‍ ആണെന്ന് ഉറപ്പിച്ചാണ് കോലി ആ പന്തിനെ നേരിട്ടത് തന്നെ. 
 
എന്നാല്‍ ഹര്‍ഷിത് റാണ ഡയറക്ട് ക്യാച്ചെടുക്കുകയും അംപയര്‍ ഔട്ട് അനുവദിക്കുകയും ചെയ്തു. ഇത് കോലിയെ പ്രകോപിപ്പിച്ചു. അത് നോ ബോള്‍ ആണെന്ന് പറഞ്ഞ കോലി ഡിആര്‍എസ് ആവശ്യപ്പെട്ടു. തേര്‍ഡ് അംപയറും ആ ബോള്‍ നിയമവിധേയമാണെന്ന് വിധിയെഴുതി. തേര്‍ഡ് അംപയറുടെ തീരുമാനത്തിനു ശേഷവും കോലി നോ ബോള്‍ ആണെന്ന് വാദിക്കുകയും ഓണ്‍ ഫീല്‍ഡ് അംപയറോട് ചൂടാകുകയും ചെയ്തു. ഏറെ നിരാശനായാണ് ഒടുവില്‍ കോലി കളം വിട്ടത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍