Students mental health: വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം ശ്രദ്ധിക്കണം; മാതാപിതാക്കളും അധ്യാപകരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വ്യാഴം, 28 ജൂലൈ 2022 (10:38 IST)
Students mental health: മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്. പലപ്പോഴും കുട്ടികളെ മാനസികമായ പിരിമുറുക്കങ്ങളെ അഡ്രസ് ചെയ്യാന്‍ മുതിര്‍ന്നവര്‍ക്ക് സാധിക്കാറില്ല. അതിന്റെ പരിണിത ഫലമായി കുട്ടികളുടെ ജീവന്‍ തന്നെ നഷ്ടമാകുന്ന സാഹചര്യങ്ങളുണ്ട്. തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത ദാരുണ സംഭവമൊക്കെ ഇതുമായി ചേര്‍ത്തു വായിക്കണം. 
 
വിദ്യാഭ്യാസ കാലത്തെ ഒറ്റപ്പെടല്‍ കുട്ടികളെ മാനസികമായി വലിയ രീതിയില്‍ തളര്‍ത്തിയേക്കാം. അത്തരം സാഹചര്യങ്ങള്‍ സ്‌കൂളിലും വീട്ടിലും ഉണ്ടാകാതിരിക്കാന്‍ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം. ക്ലാസ് മുറികളില്‍ ഏതെങ്കിലും വിദ്യാര്‍ഥി ഒറ്റപ്പെട്ട് വിഷാദ ഭാവത്തില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അധ്യാപകര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ക്ക് ആവശ്യമായ കൗണ്‍സിലിങ് കൊടുത്ത് അവരെ സാധാരണ നിലയിലേക്ക് എത്തിക്കേണ്ടത് അധ്യാപകരുടെ കടമയാണ്. 
 
മറ്റ് കുട്ടികളുമായി താരതമ്യം ചെയ്തുള്ള സംസാരം കുട്ടികളെ മാനസികമായി തളര്‍ത്തും. ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിരുചികള്‍ ഉണ്ട്. അത് തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനുമാണ് മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടത്. 
 
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ എപ്പോഴും കുറ്റപ്പെടുത്തുന്നത് മോശം പ്രവണതയാണ്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് മാതാപിതാക്കളും അധ്യാപകരും ചെയ്യേണ്ടത്. അല്ലാതെ തുടര്‍ച്ചയായി കുറ്റപ്പെടുത്തിയാല്‍ അവരെ അത് മാനസികമായി തളര്‍ത്തും. കുട്ടികള്‍ക്ക് കൃത്യമായി ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ചുരുങ്ങിയത് ഏഴ് മണിക്കൂര്‍ എങ്കിലും രാത്രി തുടര്‍ച്ചയായി കുട്ടികള്‍ ഉറങ്ങണം. ഉറക്കം തുടര്‍ച്ചയായി നഷ്ടപ്പെട്ടാല്‍ അത് കുട്ടികളില്‍ മാനസിക പിരിമുറുക്കം ഉണ്ടാക്കും. 
 
പഠനത്തിനിടയിലും കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ സമയം അനുവദിക്കണം. ദിവസവും അല്‍പ്പനേരം കുട്ടികള്‍ക്ക് ഉല്ലാസത്തിനായി വിട്ടുകൊടുക്കേണ്ട അത്യാവശ്യമാണ്. അത് സ്‌കൂളില്‍ ആണെങ്കിലും വീട്ടില്‍ ആണെങ്കിലും നിര്‍ബന്ധമായും ചെയ്യേണ്ടതാണ്. ശാരീരിക വ്യായാമവും ഉല്ലാസവും കുട്ടികളുടെ മാനസിക നിലയെ കൂടുതല്‍ മെച്ചപ്പെടുത്തും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍