എവിടെ? മൈ സ്റ്റോറിയിൽ പ്രണയമെവിടെ? - അറുബോറൻ പ്രണയ കഥയുമായി പൃഥ്വി!

എസ് ഹർഷ

വെള്ളി, 6 ജൂലൈ 2018 (17:49 IST)
റോഷ്നി ദിനകറുടെ ആദ്യ സംവിധാന ചിത്രമായ ‘മൈ സ്റ്റോറി’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. കണ്ട് പഴകിയ കഥകളും കഥാ സന്ദർഭങ്ങളുമായി നിറഞ്ഞിരിക്കുന്ന ചിത്രമാണ് ‘മൈ സ്റ്റോറി’. ബോറടിപ്പിക്കുന്ന കഥ എങ്ങനെയാണ് പൃഥ്വിയെ ആകർഷിച്ചതെന്ന് അവ്യക്തം.
 
അനന്തമായ കാത്തിരിപ്പായിരുന്നു പൃഥ്വിയുടെ എന്ന് നിന്റെ മൊയ്തീനിൽ നാം കണ്ടത്. മൊയ്തീനായി പൃഥ്വിയും കാഞ്ചനമാലയായി പാർവതിയും ജീവിച്ചഭിനയിച്ച ചിത്രമായിരുന്നു മൊയ്തീൻ. ഇരുവരും വീണ്ടുമെത്തുകയാണെന്ന് കേട്ടപ്പോൾ, അതൊരു പ്രണയചിത്രത്തിന് വേണ്ടിയാണെന്ന് അറിഞ്ഞപ്പോൾ കാത്തിരുന്ന പ്രേക്ഷകർ അനവധിയാണ്. 
 
നഷ്ടപ്രണയത്തിന്റെയും അതിന്റെ വീണ്ടെടുപ്പിന്റെയും കഥയാണ് ചിത്രം പറയുന്നത്. പ്രണയവും നഷ്ടപ്രണയവും ശേഷം ഒത്തുചേരലുമെല്ലാം നാം കണ്ടിട്ടുള്ളത് തന്നെ. ബോളിവുഡ് സിനിമകളിൽ കണ്ടുവരുന്ന കഥാരീതിയിൽ ഒരു മാറ്റവുമില്ലായെന്ന് പറയേണ്ടി വരും. റോഷ്നി ദിനകറുടെ ‘മൈ സ്റ്റോറി’ എത്ര കണ്ട് പ്രേക്ഷകരെ ആസ്വദിപ്പിക്കുമെന്ന് കണ്ടറിയാം.
 
സംവിധായിക പുതിയ ആളാണെങ്കിലും തിരകഥാക്രത്ത് ഏവർക്കും അറിയാവുന്ന ആളാണ്. ഉറുമിയും നത്തോലിയുമെല്ലാം എഴുതിയ ശങ്കർ രാമക്രഷ്ണൻ. അതുകൊണ്ട് ആ ഒരു പ്രതീക്ഷ വാനോളം വലുതായിരുന്നു. എന്നാൽ, എന്തെങ്കിലും ഒരു പുതുമ തിരക്കഥയിൽ എവിടെയും കാണാൻ കഴിഞ്ഞില്ല.  
 
ജയകൃഷ്ണൻ എന്ന ജയ് ആയി പൃഥ്വി തന്റെ റോൾ ഭംഗിയായി ചെയ്തു. പാർവതി പതിവു പോലെ തന്റെ രണ്ടു കഥാപാത്രങ്ങളെയും ഭംഗിയാക്കി. താര എന്ന നായികയായും ടൊം ബോയ് ലുക്കിലെത്തിയ ഹിമയായും പാർവതി മിന്നിത്തിളങ്ങിയെന്ന് പറയാം. ഫ്ലാഷ് ബാക്കിലൂടെയാണ് സിനിമ യാത്ര ചെയ്യുന്നത്. വർഷങ്ങൾക്കു മുമ്പുള്ള തന്റെ പ്രണയത്തെ അന്വേഷിച്ച് നായകൻ യാത്ര ആരംഭിക്കുന്നു. 
 
പ്രണയമന്വോഷിച്ചാണ് നായകൻ തന്റെ യാത്ര ആരംഭിക്കുന്നത്. പ്രണയ ചിത്രമെന്ന പേരിലാണ് സിനിമ മാർക്കറ്റ് ചെയ്യപ്പെട്ടതും. എന്നാൽ, ചിത്രത്തിൽ പ്രണയം എവിടെ എന്ന് ചോദിച്ചാൽ കൈ മലർത്തിക്കാണിക്കാനേ കഴിയൂ. ആദ്യ പകുതി താളം തെറ്റി, ഇഴഞ്ഞാണ് നീങ്ങിയത്. ഒരിടത്തും പ്രണയം കാണാൻ കഴിയില്ല. 
 
പ്രസന്റ് ആണോ പാസ്റ്റ് ആണോ എന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത ഒരു ആഖ്യാനരീതി. അതു തിരിച്ചറിയാനുള്ള വഴി ജയ്‌യുടെ വിഗ്ഗ് തന്നെ. താടിയും മുടിയും നരച്ചിരുന്നാൽ അത് പ്രസന്റ്. ബ്ലാക്ക് ആണെങ്കിൽ പാസ്റ്റ് എന്ന് പറയേണ്ടി വരുന്നു ചിലപ്പോൾ. 
 
20 വർഷം മുൻപുണ്ടായിരുന്ന തന്റെ കഥ, തന്റെ ആദ്യ സിനിമ, ആദ്യ സിനിമയിലെ നായിക, അവരോട് തോന്നിയ പ്രണയം ഇതെല്ലാം നായകൻ തന്നെ പറയുമ്പോൾ അതിനോടൊപ്പം വർത്തമാനകാല ജിവിതവും മുന്നേറുന്നുണ്ട്. ഈ ആഖ്യാനരീതി പ്രേക്ഷകർക്ക് എത്രത്തോളം മനസ്സിലാക്കാൻ കഴിയുമെന്ന് കണ്ടറിയണം.
 
റോഷ്നി ദിനകർ എന്ന സംവിധായികയുടെ ആദ്യ സംവിധാന സംരംഭത്തെ ഒരിക്കലും വിലകുറച്ച് കാണാൻ കഴിയില്ല. പക്ഷേ, ഇടയ്ക്കെല്ലാം തളപ്പിഴകൾ പ്രകടമായിരുന്നു. ചെറുതല്ലാത്ത രീതിയിൽ സിനിമയെ അത് ബാധിക്കുകയും ചെയ്യുന്നുണ്ട്. 
 
ക്ലൈമാക്സിലേക്കു നീങ്ങുമ്പോൾ അവസാന 15 മിനിട്ട് കൊണ്ട് ഒരു ഫീലൊക്കെ നൽകാൻ ചിത്രത്തിന് കഴിയുന്നുണ്ട്.‌ ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും സിനിമയ്ക്ക് യോജിച്ചതായി. അതുതന്നെയായിരുന്നു ചിത്രത്തിന്റെ ജീവൻ (ഉള്ളത്) എന്നും പറയാം. പിന്നെയുള്ളത് നല്ല മികച്ച ഫ്രയിമുകൾ. 
 
നല്ല കഥകൾ തിരഞ്ഞെടുക്കുന്ന പൃഥ്വിക്കും പാർവതിക്കും ഇതെന്തു പറ്റി?.  
(റേറ്റിംഗ്:2.5/5)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍