ലവ് ആക്ഷൻ ഡ്രാമ; ഒരു കളർഫുൾ എന്റർടെയിൻ‌മെന്റ്, പൊട്ടിച്ചിരിക്കാം ഈ ഓണക്കാലത്ത്

എസ് ഹർഷ

വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (13:57 IST)
ചെറുപ്പം മുതൽക്കേ പ്രണയത്തിന്റെ കാര്യത്തിൽ ചില പ്രശ്നങ്ങളുള്ള ആ‍ളാണ് ദിനേശൻ. അവന് ആവശ്യത്തിലധികം പണമുണ്ട്, സൌകര്യങ്ങളുണ്ട്, ഇല്ലാത്തത് ഒന്ന് മാത്രം- പ്രണയം. വളരുംന്തോറും മദ്യപാനവും ഒപ്പം തൊഴിലില്ലായ്മയും വർധിച്ച് വരുന്ന അലസനായ റൊമാന്റിക് നായകനാണ് നിവിൻ പോളിയുടെ തളത്തിൽ ദിനേശൻ. വായ്നോക്കിയായ പണി ഇല്ലാത്ത അലസനായ ചെറുപ്പക്കാരൻ എന്ന ലേബലിലേക്കുള്ള നിവിന്റെ തിരിച്ച് പോക്ക് കൂടെയാണീ സിനിമ. 
 
ഓണപ്രേക്ഷകരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ചിത്രമായതിനാൽ കോമഡിയായിരുന്നു പ്രധാന ഐറ്റം. നിവിൻ, അജു വർഗീസ് എന്നിവരുടെ കോമ്പിനേഷൻ സീനുകളും കോമഡികളും നല്ല രീതിയിൽ തന്നെ വർക്ക് ഔട്ട് ആയിട്ടുണ്ട്. ദിനേശന്റേയും സാഗറിന്റേയും കോമഡികൾ അസാധ്യമായിരുന്നു. ചിലതെല്ലാം പഴകിയ മരുന്നുകൾ ആയിരുന്നുവെങ്കിലും കണ്ടിരിക്കാൻ രസമുണ്ട്. പ്രേക്ഷകന് കഷ്ടപ്പെട്ട് ചിരിക്കേണ്ട ഗതികേടൊന്നുമില്ല, മറിച്ച് മനസറിഞ്ഞ് പൊട്ടിച്ചിരിക്കാനുള്ള വകയൊക്കെ സംവിധായകനും തിരക്കഥാകൃത്തും ഒരുക്കിയിട്ടുണ്ട്. 
 
നയൻ - നിവിൻ റൊമാന്റിക് രംഗങ്ങളൊക്കെ മനോഹരമായിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി എടുത്തുപറയേണ്ടതാണ്. ഒരിടവേളയ്ക്ക് ശേഷം നയൻസ് മലയാളത്തിലേക്ക് വരുന്ന ചിത്രം കൂടെയാണ് ഇത്. തന്റെ റോളുകൾ ഗംഭീരമാക്കാൻ അവർക്ക് കഴിഞ്ഞിട്ടുമുണ്ട്. നയൻസിനെ സ്ക്രീനിൽ കണ്ടുകൊണ്ടിരിക്കാൻ തന്നെ പ്രത്യേക ഭംഗിയാണ്.  
 
നയൻ‌താരയുടെ ശോഭയുമായിട്ടുള്ള പ്രണയകഥയും അവർക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്. സാധാ ലൌ സ്റ്റോറിക്കിടയിൽ വരുന്ന പ്രശ്നങ്ങളും അത് പരിഹരിക്കുന്നതുകൊക്കെയുള്ള കഥകൾ നാം ഇഷ്ടം പോലെ കണ്ട് കഴിഞ്ഞു. അതുകൊണ്ട് തന്നെയാകാം തുടക്കത്തിൽ ഉണ്ടായിരുന്ന ഫ്രഷ്നസ് പിന്നീട് കാണാൻ സാധിക്കാഞ്ഞത്. 
 
പ്രേക്ഷകനെ ആകാംഷയിൽ നിർത്തുന്ന ഇന്റർവെൽ പഞ്ച് ആയിരുന്നിട്ട് കൂടി അതിനെ വേണ്ട രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. കിടിലൻ ആദ്യപകുതിയെ അപേക്ഷിച്ച് എങ്ങോട്ട് യാത്ര ചെയ്യണമെന്ന് കൺഫ്യൂഷനിൽ നിൽക്കുന്ന രണ്ടാം പകുതിയെ ആണ് കാണാൻ സാധിക്കുന്നത്.  
 
ഷാൻ റഹ്മാന്റെ സംഗീതം മനോഹരമായിരുന്നു. കഥാഗതിക്കനുയോജ്യമായ ഗാനങ്ങൾ ചിത്രത്തിലേത്. പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ സ്വാഭാവത്തിൽ ചേർന്നു നിന്നു പോവുന്നു. ജോമോൻ ടി ജോണിന്റെ ദൃശ്യമികവ് എടുത്തുപറയേണ്ടത് തന്നെ. ചിത്രത്തിന്റെ ജീവൻ നിലനിർത്തുന്നത് തന്നെ മനോഹരമായ, കളർഫുള്ളായ ആ ദൃശ്യമികവ് ആണ്. 
 
ധ്യാൻ ശ്രീനിവാസൻ എന്ന സംവിധായകന്റെ ഉദയം കൂടെയായിരുന്നു ഇന്ന്. അത്യാവശ്യം മോശമല്ലാത്ത രീതിയിൽ തന്നെ ധ്യാൻ തന്റെ കന്നി ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. തുടക്കക്കാരൻ എന്ന രീതിയിലുള്ള പോരായ്മകൾ മാറ്റിനിർത്തിയാൽ ധ്യാനിന്റെ സംവിധാനവും കൈയ്യടി അർഹിക്കുന്നുണ്ട്. 
 
വിനീത് ശ്രീനിവാസൻ, മല്ലിക സുകുമാരൻ, രെഞ്ചി പണിക്കർ, മൊട്ട രാജേന്ദ്രൻ, ശ്രീനിവാസൻ എന്നിവരും അവരുടെ റോളുകൾ ഭംഗിയാക്കിയിട്ടുണ്ട്.  
 
കുറച്ച് നാളുകൾക്ക് ശേഷം നിവിനെ എനർജെറ്റിക് ആയിട്ട് കാണാൻ സാധിച്ചു. ഫൈറ്റ്, കോമഡി, റൊമാൻസ് എന്നിവയിലെല്ലാം കളർഫുൾ പെഫോമൻസ് തന്നെയായിരുന്നു താരത്തിന്റേത്. ഫെസ്റ്റിവൽ മൂഡ് ക്രിയേറ്റ് ചെയ്യുന്ന എല്ലാ ചേരുവകളും ഉള്ള ചിത്രം തന്നെയാണ്. വേണ്ട എല്ലാ ചേരുവകളും കൃത്യമായി ചേർത്തുകൊണ്ടുള്ള ഒരു കൊച്ചു പടം.  
 
നിവിൻ പോളി എന്ന നടന്റെ ഫാൻ‌ബേസ് ഒന്നും അങ്ങനെ പൊയ്പ്പോകൂല എന്നതിന്റെ ഉദാഹരണമായിരുന്നു തിയേറ്ററിലെ തിക്കും തിരക്കും. യൂത്തിനൊപ്പം കുടുംബ പ്രേക്ഷകരും ചിത്രം എറ്റെടുക്കുകയാണെങ്കിൽ ചിത്രം ബോക്സോഫീസിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കും.  
(റേറ്റിംഗ്: 2.75/5)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍