Bramayugam Review: 'കാര്‍ന്നോരുടെ മനയ്ക്കലേക്ക് ടിക്കറ്റ് കിട്ടാന്‍ പാടുപെടും'; താരത്തെ പടിക്കല്‍ നിര്‍ത്തി മമ്മൂട്ടിയുടെ അഴിഞ്ഞാട്ടം, ഭ്രമിപ്പിക്കുന്ന തിയറ്റര്‍ അനുഭവം

Nelvin Gok

വ്യാഴം, 15 ഫെബ്രുവരി 2024 (13:28 IST)
Nelvin Gok - [email protected]
Bramayugam Review: മലയാളി പ്രേക്ഷകരെ പേടിപ്പിക്കാന്‍ കാലാകാലങ്ങളായി സംവിധായകര്‍ ഉപയോഗിക്കുന്ന ചില ചെപ്പടിവിദ്യകളുണ്ട്. ചുമരില്‍ നിന്ന് വരുന്ന കൈകളും കൂര്‍ത്ത പല്ലുകളും അതിനൊപ്പം കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതവും ഉണ്ടെങ്കില്‍ മലയാളി ഫ്‌ളാറ്റ് ! അവിടേക്കാണ് രാഹുല്‍ സദാശിവന്‍ എന്ന സിനിമാമോഹി കടന്നുവരുന്നത്. ഭൂതകാലത്തിലൂടെ തന്നിലെ ക്രാഫ്റ്റ്മാന്‍ എത്രത്തോളം ബ്രില്യന്റ് ആണെന്ന് രാഹുല്‍ തെളിയിച്ചു. മുകളില്‍ പറഞ്ഞ ഘടകങ്ങളുടെയൊന്നും സഹായമില്ലാതെ മലയാളിയെ പേടിപ്പിക്കാന്‍ രാഹുലിനു സാധിച്ചു. ഇപ്പോള്‍ ഇതാ ഭൂതകാലത്തില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒരു പ്ലോട്ടില്‍ പ്രേക്ഷകരെ ഭയപ്പെടുത്തുകയും ഭ്രമിപ്പിക്കുകയും ചെയ്തിരിക്കുന്നു അയാള്‍...! ഭ്രമയുഗം ഈസ് ക്ലാസ് ആന്‍ഡ് ഔട്ട്സ്റ്റാന്‍ഡിങ്...! 
 
മലയാളിക്ക് അത്ര പരിചിതമല്ലാത്ത പ്ലോട്ടില്‍ നിന്നുകൊണ്ട് ഒരു ഹൊറര്‍ ത്രില്ലര്‍ ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല. തന്റെ മൂന്നാമത്തെ സിനിമയ്ക്ക് ഇത്തരമൊരു സങ്കീര്‍ണമായ പ്ലോട്ട് തിരഞ്ഞെടുക്കുക വഴി തന്നിലെ സംവിധായകനെ പരീക്ഷിക്കുകയാണ് രാഹുല്‍. സംവിധാന മികവിനൊപ്പം പ്രൊഡക്ഷന്‍ ക്വാളിറ്റിയില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ രാഹുല്‍ ഭ്രമയുഗത്തെ പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും ആദ്യം പ്രശംസിക്കപ്പെടേണ്ടതും സംവിധായകന്‍ തന്നെ. 

Bramayugam Review
 
17-ാം നൂറ്റാണ്ടില്‍ തെക്കന്‍ മലബാറില്‍ നടക്കുന്ന കഥയായാണ് ഭ്രമയുഗം അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആണ്. തന്ത്രവും മായയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന പ്രാചീന കേരളത്തിന്റെ പരിച്ഛേദമാണ് സിനിമ. പാണ സമുദായത്തില്‍ നിന്നുള്ള തേവന്‍ എന്ന നാടോടി പാട്ടുകാരന്‍ ദുരൂഹത നിറഞ്ഞ ഒരു മനയ്ക്കലേക്ക് അവിചാരിതമായി എത്തിപ്പെടുന്നു. അടിമ വില്‍പ്പന നടക്കുന്ന ഒരു ചന്തയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് തേവന്‍ ഈ മനയ്ക്കലില്‍ എത്തുന്നത്. കൊടുമണ്‍ പോറ്റിയെന്ന മമ്മൂട്ടി കഥാപാത്രമാണ് ഈ മനയുടെ ഉടമ. അര്‍ജുന്‍ അശോകന്‍ ആണ് തേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു എന്നു ആശ്വാസം കൊണ്ട് തേവന്‍ എത്തിപ്പെടുന്നത് മരണത്തിന്റെ ഗന്ധമുള്ള, ദുരൂഹത തളം കെട്ടി കിടക്കുന്ന മനയ്ക്കലേക്കാണ്. നിലനില്‍പ്പിനും അതിജീവനത്തിനുമായുള്ള തേവന്റെ പോരാട്ടവും അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന കൊടുമണ്‍ പോറ്റിയെന്ന കാര്‍ന്നോരുടെ അമാനുഷികതയുമാണ് പ്രേക്ഷകരെ ഓരോ നിമിഷവും ത്രില്ലടിപ്പിക്കുന്നത്, ഭയപ്പെടുത്തുന്നത്..! 
 
വിധേയനിലെ ഭാസ്‌കര പട്ടേലരും പാലേരി മാണിക്യത്തിലെ മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജിയും മമ്മൂട്ടിയുടെ ശക്തമായ വില്ലന്‍ വേഷങ്ങളാണ്. ഇപ്പോള്‍ ഇതാ അതിനെയെല്ലാം സൈഡാക്കി കൊണ്ട് മമ്മൂട്ടിയെന്ന ഇതിഹാസ നടന്‍ ക്രൂരനും അമാനുഷികനുമായ കൊടുമുണ്‍ പോറ്റിയായി നിറഞ്ഞാടിയിരിക്കുന്നു. ശക്തനായ ദൈവത്തോട് പോരടിക്കണമെങ്കില്‍ അതിശക്തനായ സാത്താനാകണം, കൊടുമണ്‍ പോറ്റി അങ്ങനെയാണ്. അയാള്‍ക്ക് എപ്പോഴും ചോരയുടെ നിറമാണ്, ഗന്ധമാണ്. മുന്‍ വില്ലന്‍ വേഷങ്ങളുടെ ആവര്‍ത്തനം കൊടുമണ്‍ പോറ്റിയുടെ ചിരിയില്‍ പോലും ഉണ്ടാകരുതെന്ന് അയാള്‍ക്ക് ശാഠ്യമുണ്ടായിരുന്നു. നാനൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ച മഹാനടന്‍ അതിനായി വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. ഓരോ സിനിമകള്‍ കഴിയും തോറും സ്വയം പുതുക്കാന്‍ കാണിക്കുന്ന മമ്മൂട്ടിയിലെ നടന് ബിഗ് സല്യൂട്ട്..! തന്നിലെ താരത്തെ പടിപ്പുരയ്ക്കല്‍ നിര്‍ത്തി കൊടുമുണ്‍ പോറ്റിയെന്ന കഥാപാത്രത്തെ മാത്രമാണ് മമ്മൂട്ടി ദുരൂഹത നിറഞ്ഞ ആ മനയ്ക്കുള്ളിലേക്ക് കയറ്റിയിരിക്കുന്നത്. 

Mammootty (Bramayugam)
 
അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച തേവന്‍ എന്ന കഥാപാത്രത്തിലേക്ക് ആസിഫ് അലിയെയാണ് ആദ്യം പരിഗണിച്ചത്. ആസിഫ് അലി ഈ കഥാപാത്രം ചെയ്യാന്‍ യെസ് മൂളുകളും ചെയ്തു. അത്രത്തോളം ഭ്രമിപ്പിച്ച കഥയെന്നാണ് ആസിഫ് പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. പക്ഷേ മറ്റു ചില പ്രൊജക്ടുകള്‍ കാരണം ആസിഫ് അലിക്ക് നഷ്ടമായ കഥാപാത്രമാണ് തേവന്‍. അര്‍ജുന്‍ അശോകന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി മാറാനായിരുന്നു അതിനു യോഗം ! ഒരു വശത്ത് മമ്മൂട്ടിയെന്ന മഹാമേരു അഭിനയ സൂക്ഷ്മതയുടെ വേരുകള്‍ ആഴത്തില്‍ ഇറക്കുമ്പോള്‍ അതിനൊപ്പം മത്സരിച്ചു അഭിനയിക്കുന്നുണ്ട് അര്‍ജുന്‍ അശോകനും. സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കി. 
 
ആദ്യം പറഞ്ഞതു പോലെ പ്രൊഡക്ഷന്‍ ക്വാളിറ്റിയാണ് ഭ്രമയുഗത്തെ ഇത്ര മികച്ചതാക്കിയത്. ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ഷെഹ്നാദ് ജലാലിന്റെ ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്. 17-ാം നൂറ്റാണ്ടിനെ അതേപടി പകര്‍ത്തി വെച്ചിരിക്കുകയാണ് ഇരുവരും. കേരളത്തിനു പുറത്തേക്ക് 'ഇതാണ് മലയാള സിനിമ' എന്നു അഭിമാനത്തോടെ എടുത്തുപറയാന്‍ തക്കവിധം പ്രൊഡക്ഷന്‍ ക്വാളിറ്റിയില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതിരുന്ന നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയ്ക്കും വൈ നോട്ട് സ്റ്റുഡിയോയ്ക്കും നന്ദി..! 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍