രണ്ടാമൂഴത്തിന്റേയും മാമാങ്കത്തിന്റേയും പിന്നിൽ ദിലീപ്? ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് സംഭവിക്കുന്നതെന്ത്?

എസ് ഹർഷ

ബുധന്‍, 30 ജനുവരി 2019 (11:42 IST)
മോഹൻലാൽ, മമ്മൂട്ടി ആരാധകരെ ആവേശത്തിമിർപ്പിലാക്കിയായിരുന്നു രണ്ടാമൂഴം, മാമാങ്കം എന്നീ സിനിമകൾ സംവിധായകൻ പ്രഖ്യാപിച്ചത്. രണ്ടും ബിഗ് ബജറ്റ് ചിത്രങ്ങൾ. എന്നാൽ, രണ്ട് സിനിമകളും പ്രതിസന്ധിയിലാണ്. സംവിധായകനുമായുള്ള പ്രശ്നങ്ങൾ മൂലം മാമാങ്കത്തിൽ നിന്നും പുള്ളിയെ നിർമാതാവ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നു. പകരം, പത്മകുമാർ ചിത്രം ഏറ്റെടുക്കും. 
 
നിർമ്മാതാവ് വേണു കുന്നപ്പിള്ളിയാണ് പ്രശ്നങ്ങൾ തുറന്നു പറഞ്ഞത്. ഈ ചിത്രവുമായി സംവിധായകൻ സജീവ് പിള്ളയ്‌ക്ക് ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം പറയുന്നു. സംവിധായകന്റെ പരിചയക്കുറവ് കാരണം വന്‍ നഷ്ടമാണ് ചിത്രത്തിന് സംഭവിച്ചതെന്ന് അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. 2019 അവസാനമോടെ ചിത്രം പുറത്തിറങ്ങുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 
മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ പ്രഖ്യാപിച്ച ചിത്രമാണ് രണ്ടാമൂഴം. എന്നാൽ, തിരക്കഥ സംബന്ധിച്ച തർക്കം കോടതി വരെ എത്തിനിൽക്കുന്ന സാഹചര്യത്തിൽ ചിത്രത്തിത്തിന്റെ നിര്‍മ്മാണത്തില്‍ നിന്നും നിർമാതാവ് വ്യവസായി ബി ആര്‍ ഷെട്ടി പിന്മാറിയെന്നാണ് പുതിയ വാർത്ത. 
 
സൂപ്പർതാരങ്ങളുടെ ബിഗ്ബജറ്റ് ചിത്രങ്ങളുടെ ഈ പ്രതിസന്ധിക്ക് പിന്നിൽ ദിലീപ് ആണോയെന്നും പാപ്പരാസികൾ ചർച്ച തുടങ്ങിക്കഴിഞ്ഞു. തന്റെ കഷ്ടകാല സമയത്ത് ആരും പിന്തുണച്ചില്ലെന്ന കാരണത്താൽ ഇരുവർക്കും ദിലീപ് നൽകുന്ന പാരയാണോ ഈ ചിത്രങ്ങളുടെ പ്രതിസന്ധിക്ക് കാരണമെന്നും രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളുടേയും പിന്നിൽ ദിലീപ് ചരട് വലിച്ചിട്ടുണ്ടോയെന്നും ചോദ്യങ്ങളുയരുന്നുണ്ട്. 
 
അതേസമയം, ദിലീപിനെ മനഃപൂർവ്വം കരിവാരിത്തേക്കാനുള്ള ശ്രമമാണിതെന്നാണ് ദിലീപ് ഫാൻസിന്റെ പക്ഷം. നടിയെ ആക്രമിച്ച കേസുമായി വിവാദത്തിലകപ്പെട്ട താരത്തെ ഫീൽഡിൽ നിന്നും എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാനുള്ള ചിലരുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം പ്രചരണമെന്നും ദിലീപ് ഫാൻസ് പറയുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍