വിഷുവിനെ കുറിച്ചുള്ള രണ്ട് ഐതീഹ്യങ്ങള്‍ അറിയാമോ

സിആര്‍ രവിചന്ദ്രന്‍

ശനി, 13 ഏപ്രില്‍ 2024 (15:52 IST)
വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണന്‍, ഗരുഡനും, സത്യഭാമയുമൊത്ത് ഗരുഡാരൂഢനായി പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. നരകാസുരന്റെ നഗരമാണ് പ്രാഗ് ജ്യോതിഷം അവിടെച്ചെന്ന് നഗരത്തിന്റെ ഉപരിതലത്തില്‍ കൂടി ചുറ്റിപ്പറന്ന് നഗരസംവിധാനങ്ങളെല്ലാം നേരില്‍ക്കണ്ട് മനസ്സിലാക്കി. അതിനുശേഷം യുദ്ധമാരംഭിച്ചു.
 
ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുര പ്രമുഖരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ഒടുവില്‍ നരകാസുരന്‍ തന്നെ പടക്കളത്തിലേക്ക് പുറപ്പെട്ടു. തുടര്‍ന്നു നടന്ന അത്യുഗ്രമായ യുദ്ധത്തില്‍ നരകാസുരന്‍ വധിക്കപ്പെട്ടു. ശ്രീകൃഷ്ണന്‍ അസുര ശക്തിക്കു മേല്‍ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.
 
മറ്റൊരു ഐതീഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്. രാക്ഷസ രാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത് അയാള്‍ സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. വെയില്‍ കൊട്ടാരത്തിനകത്ത് കടന്നു ചെന്നത് ഒരിക്കല്‍ രാവണന് ഇഷ്ടമായില്ല എന്നതാണിതിന് കാരണം.
 
കാലങ്ങള്‍ക്ക് ശേഷം, ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്‌ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്.
 
വിഷുവിന്റെ തലേന്ന് ഗൃഹപരിസരങ്ങളിലെ ചപ്പും ചവറുമെല്ലാം അടിച്ച് വാരി കത്തിക്കുന്നത് രാവണവധം കഴിഞ്ഞ് ലങ്കാനഗരം ദഹിപ്പിക്കുന്നതിന്റെ പ്രതീകമായിട്ടാണെന്ന് വിശ്വസിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍