കർഷക പ്രക്ഷോഭം, തൊഴിലില്ലായ്മ, നോട്ടു നിരോധനം, ദളിത് വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങള്‍; തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാര്‍ വിയര്‍ക്കും

തിങ്കള്‍, 11 മാര്‍ച്ച് 2019 (14:35 IST)
പതിനേഴാം ലോക്സഭയിലേക്കുളള തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രചരണ ചൂടിലേക്കു കുതിക്കുകയാണ് രാജ്യം. കേന്ദ്രത്തിൽ ബിജെപി നേതൃത്വം നൽകുന്ന മോദി സർക്കാരിനെതിരെയുളള വിധിയെഴുത്താകുമോ തെരഞ്ഞെടുപ്പ് എന്ന ആകാംഷയിലാണ് എല്ലാവരും. ഇക്കാലമത്രയും രാജ്യം കടന്നുപോയത് നിരവധി സംഭവ വികാസങ്ങളിലൂടെയാണ്. എന്നാൽ പുൽവാമാ ഭീകരാക്രമണത്തിനു ശേഷം മോദിയുടെ മങ്ങിയ പ്രഭാവം ഏറെക്കുറേ തിരിച്ചുപിടിക്കാൻ സാധിച്ചു എന്ന് സർവേകൾ ഇപ്പോൾ വ്യക്തമാക്കുന്നു. 
 
ദേശീയ തലത്തിൽ ഈ അഞ്ചു വർഷത്തെ കാലയളവിൽ  നടന്ന സംഭവങ്ങൾ എന്തോക്കെ എന്ന് നോക്കാം. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി സുപ്രീംകോടതിയുടെ പ്രവര്‍ത്തന രീതിയില്‍ എതിരഭിപ്രായമുളള മുതിര്‍ന്ന ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവെച്ച് നടത്തിയ വാര്‍ത്താസമ്മേളനം, ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം, സിബിഐ തലപ്പത്തെ സര്‍ക്കാരിന്റെ അമിത ഇടപെടൽ എന്നിവയും ഈ തെരഞ്ഞെടുപ്പ് സമയത്ത് പരിഗണിക്കേണ്ട വിഷയങ്ങളാണ്. 
 
അതുപോലെ തന്നെ ചരിത്രത്തെ മാറ്റിയെഴുതുന്നതിലും തങ്ങള്‍ക്ക് താത്പര്യമുളള പഠനവിഷയങ്ങള്‍ സര്‍വകലാശാലകളില്‍ പഠിപ്പിക്കുന്നതിലും ബിജെപി സര്‍ക്കാര്‍ നിരന്തരം ശ്രമിക്കുന്നു. ഇതിന്റെ പേരിൽ ജെഎന്‍യു, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി, അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി  തുടങ്ങിയ സർവകലാശാലകൾക്കു നേരെയുളള ആക്രമണങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയുമുളള കേസുകളും. ഇവയൊക്കയും ഈ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടെണ്ട വിഷയങ്ങളാണ്. 
 
അതുപോലെ തന്നെയാണ് എണ്ണവിലയിലുണ്ടായ വർധനയും. ഈ അഞ്ചു വർഷത്തെ കാലയളവിൽ ഏറ്റവും  ഉയര്‍ന്ന നിരക്കുകളിലൂടെയാണ് പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില കടന്നുപോയത്. നോട്ട് നിരോധനത്തിന്റെ പരിണിത ഫലങ്ങള്‍ ഇന്നും ഇന്ത്യന്‍ ഗ്രാമങ്ങള്‍ അനുഭവിക്കുകയാണ്. സാമ്പത്തിക രംഗത്തിന്റെ അടിത്തറയിളക്കി ലക്ഷക്കണക്കിന് പേരുടെ ജോലി ഇല്ലാതാക്കി മോഡി സര്‍ക്കാരിന്റെ ഈ നടപടി. 
 
അതുപോലെ തന്നെയാണ് കർഷക പ്രക്ഷോഭങ്ങളും. രാജ്യമൊട്ടാകെ കൃഷിക്കാര്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിലാണ്. ഡല്‍ഹിയിലേക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നടത്തിയ കര്‍ഷക മാര്‍ച്ചുകളാകട്ടെ ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തു. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മുസ്ലിം ജനവിഭാഗങ്ങളുടേത് എന്നപോലെ ദളിത് വിഭാഗത്തിന്റെയും ജീവിതാവസ്ഥ വളരെ ദുരിതത്തിലാണ്. കഴിഞ്ഞ സര്‍ക്കാരിനെ അപേക്ഷിച്ച് ദളിത് വിഭാഗക്കാര്‍ക്കെതിരായ ആക്രമണം വളരെയധികം വര്‍ധിച്ചിട്ടുണ്ട് മോഡി സർക്കാർ ഭരണത്തിൽ കീഴിൽ.  ഇന്ത്യയില്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷമാണ് ബീഫിന്റെ പേരിലുളള കൊലപാതകങ്ങളും ആക്രമണങ്ങളും മുസ്ലിം വിഭാഗത്തിനെതിരെ സജീവമാകുന്നത്. പശുവിന്റെ പേരില്‍ 2017ല്‍ മാത്രം 37 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകൾ. 
 
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് മുന്‍ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ ഇരട്ടിയിലേറെയായി. മോഡി സര്‍ക്കാരിനു മുമ്പ് 3.4 ശതമാനം ആയിരുന്നെങ്കില്‍ ഇപ്പോളത് 7.2 ശതമാനത്തില്‍ എത്തി. ഏഷ്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യമായി ഇന്ത്യ മാറുന്നുവെന്നാണ് ഫോബ്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അഴിമതി തുടച്ച് നീക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു മോഡി അധികാരത്തിലേറിയത്. എന്നാൽ അഴിമതി വീരന്മാർക്ക് അനുകൂല സാഹചര്യം ഒരുക്കുകയാണ് മോഡി സർക്കാർ ചെയ്തത്. 
 
മോദി സർക്കാരിന്റെ അഴിമതി മുഖം വെളിവാക്കുന്നതാണ് റാഫേൽ ഇടപാട്. ഫ്രാന്‍സുമായി മോഡി സര്‍ക്കാര്‍ നടത്തിയ റാഫേല്‍ കരാറിലെ ക്രമവിരുദ്ധ നടപടികള്‍ ഓരോന്നായി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനെ അതിസംബോധന ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ഒക്കെ ഓർമ്മിക്കാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍