മകളെ ബലാത്സംഗം ചെയ്തു, അച്ഛനെ പ്രതി വെടിവെച്ചു കൊന്നു

റെയ്‌നാ തോമസ്

ബുധന്‍, 12 ഫെബ്രുവരി 2020 (08:45 IST)
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ പ്രതി വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പെണ്‍കുട്ടിയുടെ അച്ഛന് നേരെ തുടര്‍ച്ചയായി നിറയൊഴിച്ചത്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
 
ആഗസ്റ്റിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ ഇതുവരെ പിടികൂടിയിരുന്നില്ല. പെണ്‍കുട്ടിയുടെ അച്ഛന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി തന്നെയാണോ ഇതിന്റെ പിന്നിലെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറയുന്നു
 
സംഭവത്തില്‍ കൃത്യവിലോപം നടന്നെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ ഊര്‍ജ്ജിത അന്വേഷണത്തിന് ഉത്തരവിട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍