2007ലെ ലോകകപ്പ് സ്വപ്നം കണ്ടു, പക്ഷേ അപ്പോഴേക്കും എന്നെ പുറത്താക്കി, അനീതിയായിരുന്നു അത്: തുറന്നടിച്ച് ഗാംഗുലി

വെള്ളി, 10 ജൂലൈ 2020 (13:24 IST)
ഒരു പുതിയ ഇന്ത്യൻ ടീമിനെ പടുത്തുയർത്തിയ ഇന്ത്യകണ്ട ഏറ്റവും മികച്ച നായകനായിരുന്നു സൗരവ് ഗാംഗുലി. ഗാംഗുലി കണ്ടെത്തിയ താരങ്ങളാണ് പിന്നീട് ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളായി വളർന്നത്. ധോണി രാജിവക്കുന്നതോടെ മാത്രമേ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ദാദ യുഗം അവസാനിയ്ക്കു. പക്ഷേ ബിസിസിഐയുടെ അമരത്ത് മറ്റൊരു ദാദ യുഗം ആരംഭിച്ചിട്ടുണ്ട്. ഇത്രയോക്കെ ഇന്ത്യൻ ടീമിനായി മികച്ച സംഭാവനകൾ നൽകിയിട്ടും പെട്ടന്നൊരു ദിവസം ഗാംഗുലി ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ടു. ആ കാലത്തെ കുറിച്ച് തുറന്നു സംസാരിയ്ക്കുകയാണ് ഇപ്പോൾ ഗാംഗുലി.
 
2005ൽ ഗ്രെഗ് ചാപ്പൽ ഇന്ത്യൻ കോച്ചായിരുന്ന കാലത്ത് സിംബാബ്‌വെ പര്യടനം കഴിഞ്ഞ് ഇന്ത്യന്‍ ടീം നാട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ ഗാംഗുലി ക്യപ്റ്റൻ സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ടു. തികഞ്ഞ അനീതിയായിരുന്നു അതെന്ന് ഗാംഗുലി പറയുന്നു. 'എപ്പോഴും നീതി ലഭിക്കില്ലെന്നു എനിക്കറിയാം. പക്ഷേ ആ നടപടി ഒഴിവാക്കാമായിരുന്നു. സിംബാബ്‌വെ പര്യടനത്തില്‍ ജയവുമായാണ് ഇന്ത്യ മടങ്ങിയെത്തിയത് എന്നിട്ടും എങ്കുകൊണ്ട് എന്നെ പുറത്താക്കി.
 
2007ലെ ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിക്കുന്നത് താന്‍ സ്വപ്‌നം കണ്ടിരുന്നു. 2003ലെ ലോകകപ്പില്‍ ഞങ്ങള്‍ ഫൈനലില്‍ തോല്‍ക്കുകയാണ് ഉണ്ടായത്. 2007ലെ ലോകകപ്പില്‍ ടീമിനെ കിരീടത്തിലേക്കു നയിക്കുന്നത് സ്വപ്‌നം കാണാന്‍ എനിക്ക് അവകാശമുണ്ടായിരുന്നു. കാരണം ഇന്ത്യയിലും വിദേശത്തും എനിക്കു കീഴില്‍ അഞ്ചു വര്‍ഷത്തോളമായി മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചിരുന്നത്. അപ്പോഴാണ് അപ്രതീക്ഷിതമായി നായകസ്ഥാനത്തു നിന്നും മാറ്റിയത്.
 
ആദ്യം ഏകദിന ടീമിൽനിന്നും പിന്നീട് ടെസ്റ്റ് ടീമിൽനിന്നും എന്നെ പുറത്താക്കി. എല്ലാത്തിനും പിന്നിൽ ചാപ്പലാണെന്ന് ഞാന്‍ പറയില്ല. എന്നാല്‍ അദ്ദേഹമാണ് ഇതിനെല്ലാം തുടക്കം കുറിച്ചത് മറ്റുള്ളവരും നിരപരാധികളല്ല. ഒരു വിദേശ കോച്ചിന് ഒരു ഇന്ത്യന്‍ ക്യാപ്റ്റനെ അങ്ങനെ  പുറത്താക്കാൻ സാധിക്കില്ല. മുഴുവന്‍ സിസ്റ്റത്തിന്റെയും പിന്തുണയില്ലാതെ ഇതു സാധിക്കില്ലെന്ന് അന്നുതന്നെ മനസ്സിലായിരുന്നു.' ഗംഗുലി പറഞ്ഞു. 2006ൽ ടീമിൽ തിരികെയെത്തിയ ഗാംഗുലി പിന്നീട് 2008ൽ വിരമിക്കൽ പ്രഖ്യാപിയ്ക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍