മറക്കാനാകില്ല, കരിയറിലെ ഏറ്റവും മികച്ച പരമ്പരനേട്ടം ഓർത്തെടുത്ത് സച്ചിൻ

ചൊവ്വ, 17 നവം‌ബര്‍ 2020 (13:13 IST)
അന്താരാഷ്ട്ര ക്രിക്കറ്റിനിന്നും വിരമിച്ച് ഏഴുവർഷം പിന്നിടുമ്പോൾ കരിയറിലെ ഏറ്റവും മികച്ച പരമ്പര നേട്ടത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് സാക്ഷാൻ സച്ചിൻ ടെണ്ടുൽക്കർ. 2001ല്‍ ഇന്ത്യയിൽ ഓസ്‌ട്രേലിയക്കെതിരേ നേടിയ ടെസ്റ്റ് പരമ്പര വിജയമാണ് ഏറ്റവും മികച്ചതെന്ന് സച്ചിന്‍ തുറന്നുപറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണ ലിപികളിൽ കുറിക്കപ്പെട്ട ടെസ്റ്റ് പരമ്പരയായിരുന്നു അതെന്ന് സച്ചിൻ പറയുന്നു.  
 
'മൂന്നു ടെസ്റ്റുകളുടെതായിരുന്നു പരമ്പര. ആദ്യ ടെസ്റ്റിൽ തന്നെ പത്ത് വിക്കറ്റിന് ഇന്ത്യയെ ഓസ്ട്രേലിയ നിഷ്പ്രഭരാക്കി. കൊൽക്കത്തയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്നിങ്സ് വിജയത്തോടെ ഓസിസ് പരമ്പര സ്വന്തമാക്കും എന്ന തോന്നലുണ്ടാക്കി. എന്നാൽ ഫോളോ ഓൺ നേരിട്ട് വീണ്ടും ബാറ്റിങ്ങിനായി അയയ്ക്കപ്പെട്ടപ്പോൾ അത് ഇന്ത്യ ക്രിക്കറ്റ് ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ഒരു സംഭവമാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. 
 
ഐക്കോണിക് രാഹുല്‍ ദ്രാവിഡ്-വിവിഎസ് ലക്ഷ്മണ്‍ കൂട്ടുകെട്ടും, ഹര്‍ജന്‍ സിങിന്റെ ആറു വിക്കറ്റ് പ്രകടനവും ത്രസിപ്പിയ്ക്കുന്ന വിജയം ഇന്ത്യയ്ക്ക് സമ്മാനിച്ചു. മൂന്നാം ടെസ്റ്റിലും ജയിച്ച് ഇന്ത്യ 2-1ന് പരമ്പര പിടിച്ചടക്കി.' സച്ചിൻ ഓർത്തെടുത്തു. പരമ്പരയിൽ മികച്ച പ്രകടനമാണ് സച്ചിൻ നടത്തിയത്. ഒരു സെഞ്ച്വറിയും രണ്ടു അർധ സെഞ്ച്വറിയുമടക്കം 50.67 ശരാശരിയില്‍ 304 റണ്‍സാണ് അന്ന് സച്ചിൻ നേടിയത്. ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് വോയുടെ കരിയറിലെ അവസാനത്തെ പരമ്പര എന്ന നിലയിൽ ഓസ്ട്രേലിയയ്ക്കും ഈ പരമ്പര പ്രധാനമായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍