‘കോഹ്‌ലിയുടെ പിടിവാശിക്ക് മുമ്പില്‍ സച്ചിനും ഗാംഗുലിയും തോറ്റുമടങ്ങി, ആ നിയമനത്തില്‍ വന്‍ ചതി’; വെളിപ്പെടുത്തലുമായി എഡുൽജി

ബുധന്‍, 12 ഡിസം‌ബര്‍ 2018 (15:56 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തു നിന്നും അനിൽ കുംബ്ലെയെ നീക്കി രവി ശാസ്ത്രിയെ കൊണ്ടു വരാന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും ബിസിസിഐയും നിയമങ്ങൾ കാറ്റിൽപ്പറത്തിയെന്ന് ഇടക്കാല ഭരണസമിതി (സിഒഎ) അംഗം ഡയാന എഡുൽജി. 

കുബ്ലെയുമായി ഒത്തു പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കോഹ്‌ലി ബിസിസിഐ സിഇഒ രാഹുൽ ജോഹ്റിക്ക് സാന്ദേശങ്ങള്‍ കൈമാറിയിരുന്നു. ഇരു വരും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായതോടെ സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മൺ എന്നിവർ ഉൾപ്പെട്ട ബിസിസിഐ ഉപദേശക സമിതി വിരാടുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഉപദേശക സമിതി കുംബ്ലെയ്‌ക്കായി വാദിച്ചെങ്കിലും കോഹ്‌ലിയുടെ വാശിക്ക് മുമ്പില്‍ വഴങ്ങേണ്ടി വന്നു. പരിശീകല സ്ഥാനത്തേക്ക് രവി ശാസ്‌ത്രി മതിയെന്ന് വിരാട് വ്യക്തമാക്കിയതോടെ നിലവിലുള്ള നിയമങ്ങൾ കാറ്റിൽപ്പറത്തി ശാസ്‌ത്രിക്ക് അപേക്ഷിക്കാനുള്ള അവസരം ബി സി സി ഐ ഒരുക്കി. ഈ നിയമനവുമായി ബന്ധപ്പെട്ട് നടന്നതെല്ലാം നിയമവിരുദ്ധമാണെന്നും എഡുൽജി വെളിപ്പെടുത്തി.

ഇന്ത്യൻ വനിതാ ടീം പരിശീലകനെ തിരഞ്ഞെടുക്കുന്നതിനുള്ള അഡ് ഹോക് കമ്മിറ്റി രൂപീകരിക്കുന്ന കാര്യത്തിൽ ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായിയുമായുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് എഡുൽജി ഇക്കാര്യങ്ങൾ തുറന്നടിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍