ലോകകപ്പിലെ മിന്നുന്ന ഫോം തുണയായി, റാങ്കിംഗിൽ ആദ്യമായി കോലിയെ മറികടന്ന് ഹിറ്റ്മാൻ

ബുധന്‍, 18 ഒക്‌ടോബര്‍ 2023 (20:08 IST)
ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഐസിസി റാങ്കിംഗില്‍ അഞ്ച് സ്ഥാനം മുന്നേറി ആറാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. അഫ്ഗാനെതിരെ നേടിയ സെഞ്ചുറി പ്രകടനമാണ് റാങ്കിംഗിലെ കുതിപ്പിന് രോഹിത്തിനെ സഹായിച്ചത്. പാകിസ്ഥാനെതിരെയും മികച്ച പ്രകടനം നടത്തിയ താരം മത്സരത്തില്‍ 63 പന്തില്‍ നിന്നും 86 റണ്‍സുമായി തിളങ്ങിയിരുന്നു. ലോകകപ്പിലെ 3 മത്സരങ്ങളില്‍ നിന്നും 229 റണ്‍സാണ് രോഹിത് ഇതുവരെ അടിച്ചെടുത്തത്.
 
2023 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ ലിസ്റ്റില്‍ രോഹിത് നിലവില്‍ മൂന്നാം സ്ഥാനത്താണ്. ക്വിന്റണ്‍ ഡികോക്കും ഡെവോണ്‍ കോണ്‍വെയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. അതിനിടെ റാങ്കിംഗില്‍ ഇതാദ്യമായി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയെ രോഹിത് മറികടന്നു. ഐസിസി പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് കോലിയുള്ളത്. രോഹിത്തിന് 719 പോയിന്റും കോലിക്ക് 711 പോയിന്റുമാണുള്ളത്. പാക് നായകന്‍ ബാബര്‍ അസം തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാന്‍ത്തുള്ളത്. ഇന്ത്യയുടെ ശുഭ്മാൻ ഗില്ലാണ് പട്ടികയില്‍ രണ്ടാമത്. ക്വിന്റണ്‍ ഡികോക്ക്,റസ്സി വാന്‍ ഡര്‍ ഡസ്സന്‍,ഹാരി ടെക്റ്റര്‍ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റ് താരങ്ങള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍