അന്ന് വിഷാദത്തിലേയ്ക്ക് വഴുതിവീണു, ഞാൻ ഒറ്റയ്ക്കാണെന്ന് തോന്നി: വെളിപ്പെടുത്തലുമായി കോഹ്‌ലി

ശനി, 20 ഫെബ്രുവരി 2021 (12:29 IST)
2014ലെ ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ താൻ വിഷാദത്തിലേയ്ക്ക് വീണു എന്ന് വെളിപ്പെടുത്തി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഒരു ഗ്രൂപ്പിന്റെ ഭാഗമായിരുന്നു താനെങ്കിലും ലോകത്ത് ഒറ്റപ്പെട്ടതുപോലെ തോന്നി എന്നും അത്തരം കാര്യങ്ങൾ ആരോടെങ്കിലും തുറന്നുപറയാൻ ഏറെ പ്രയാസപ്പെട്ടു എന്നും കോഹ്ലി പറഞ്ഞു. ഇംഗ്ലണ്ട് മുൻ താരം മാർക് നിക്കോളസുമായുള്ള പോഡ്‌കാസ്റ്റിലാണ് കോഹ്‌ലിയുടെ വെളിപ്പെടുത്തൽ. 2014ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് മത്സരങ്ങളിൽ നിന്നും വെറും 134 റൺസ് മാത്രമായിരുന്നു കോഹ്‌ലിയ്ക്ക് സ്കോർ ചെയ്യാൻ ആധിച്ചത്. ഈ ദയനീയ പ്രകടനമാണ് താരത്തെ നിരാശയിലേയ്ക്ക് എത്തിച്ചത്.
 
'റൺസ് സ്കോർ ചെയ്യാൻ നമ്മളെ കൊണ്ട് സാധിയ്ക്കില്ല എന്ന ചിന്തയോടെ ഉറക്കം ഉണരുക എന്നത് ഒട്ടും സുഖകരമായ കാര്യമല്ല എല്ലാ ബാറ്റ്സ്‌മാൻ മാരും ഒരു ഘട്ടത്തിൽ ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാകും. നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന തോന്നൽ ഉള്ളിൽ ശക്തിപ്പെടുന്ന സമയം. ഒരു ഗ്രൂപ്പിന്റെ ഭാഗമായി നിൽക്കുമ്പോൾ തന്നെ ഒറ്റപ്പെടുന്നതായി തോന്നി. എങ്ങനെ ആ അവസ്ഥ മറികടക്കണം എന്ന് പോലും അറിയില്ലായിരുന്നു, കാര്യങ്ങൾ തുറന്നുപറയാൻ എനിയ്ക്ക് ആളുണ്ടാവാഞ്ഞിട്ടല്ല. പക്ഷേ ഞാൻ എന്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് മനസ്സിലാക്കാൻ പാകത്തിന് ഒരു പ്രഫണൽ ഒപ്പമുണ്ടായിരുന്നില്ല. ഇതാണ് എന്റെ അവസ്ഥ, ഒട്ടും ആത്മവിശ്വാസമില്ല, ഉറങ്ങാനാകുന്നില്ല, രാവിലെ എഴുന്നേൽക്കാൻ സാധിയ്ക്കുന്നില്ല, ഞാൻ എന്താണ് ചെയ്യേണ്ടത് എന്നെല്ലാം തുറന്നുപറയാനും ചോദിയ്ക്കാനും നമുക്കെപ്പോഴും ഒരാൾ വേണം. കോഹ്ലി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍