Heinrich Klassen Retirement: പ്രിയപ്പെട്ട ഫോർമാറ്റാണ്, പക്ഷേ അവസരമില്ല, ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി ക്ലാസൻ

അഭിറാം മനോഹർ

തിങ്കള്‍, 8 ജനുവരി 2024 (20:16 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസന്‍. ടെസ്റ്റ് ടീമില്‍ മതിയായ അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് 32കാരനായ താരം ക്രിക്കറ്റിന്റെ ദീര്‍ഘഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ 4 വര്‍ഷത്തിനിറ്റെ 4 ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്.
 
ഈയടുത്ത് ഇന്ത്യയുമായി നടന്ന ടെസ്റ്റ് പരമ്പരയിലും ക്ലാസന് അവസരം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിടവാങ്ങല്‍ പ്രഖ്യാപനം. ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ പ്രധാനതാരങ്ങളില്‍ ഒരാളാണ് ക്ലാസന്‍. സ്പിന്നിനെയും പേസിനെയും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള ക്ലാസന്റെ മികവ് പലപ്പോഴും പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്. ഏകദിനത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുമ്പോഴും ടെസ്റ്റ് ടീമില്‍ താരത്തിന് മതിയായ അവസരം ലഭിച്ചിരുന്നില്ല.
 
ഞാന്‍ എടുത്തത് ശരിയായ തീരുമാനമാണോ എന്ന ചിന്ത എന്നെ അലട്ടിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആ ചിന്ത എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചു. വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണ് ഞാന്‍ എടുത്തിരിക്കുന്നത്. ഞാന്‍ റെഡ് ബോളില്‍ നിന്നും വിരമിക്കാല്‍ തീരുമാനിച്ചു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോര്‍മാറ്റാണിത്. എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ജീവിതത്തില്‍ വെച്ച് ഏറ്റവും വിലപ്പെട്ടതാണത്. എന്റെ റെഡ് ബോള്‍ ക്രിക്കറ്റ് കരിയര്‍ രൂപപ്പെടുത്താന്‍ ഒപ്പം നിന്ന എല്ലാവരോടും നന്ദി. പുതിയ വെല്ലുവിളികള്‍ സ്വീകരിക്കാനായി ഞാന്‍ കാത്തിരിക്കുന്നു. വിരമിക്കല്‍ അറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ താരം കുറിച്ചു.
 
ദക്ഷിണാഫ്രിക്കായി 4 ടെസ്റ്റുകളില്‍ നിന്നും 104 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.35 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2019ല്‍ ഇന്ത്യക്കെതിരെ റാഞ്ചിയിലായിരുന്നു ടെസ്റ്റില്‍ താരത്തിന്റെ അരങ്ങേറ്റം. 2023ല്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് അവസാന ടെസ്റ്റ്. 54 ഏകദിനങ്ങളില്‍ നിന്നും 1723 റണ്‍സും 43 ടി20 മത്സരങ്ങളില്‍ നിന്നും 722 റണ്‍സും ക്ലാസന്റെ പേരിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍