കോഹ്‌ലി നേരിടുന്നത് തുടർച്ചയായ നാലമത്തെ ടെസ്റ്റ് തോൽ‌‌വി, നാലും വലിയ പരാജയങ്ങൾ

ബുധന്‍, 10 ഫെബ്രുവരി 2021 (12:27 IST)
ചെന്നൈ: ആദ്യ ടെസ്റ്റിൽ ഇംഗണ്ട് ഇന്ത്യയ്ക്കെതിരെ വലിയ വിജയം നേടിയതോടെ നായകൻ എന്ന നിലയിൽ വിരാട് കോഹ്‌ലിയ്ക്ക് സമ്മർദ്ദമേറുകയാണ്. കാരണം കോഹ്‌‌ലി തുടർച്ചയായി നേരിടുന്ന നാലാമത്തെ ടെസ്റ്റ് പരാജയമാണ് ഇത്. നാലു പരാജയവും ഇന്ത്യയ്ക്ക് കനത്ത പ്രഹരമേൽപ്പിയ്ക്കുന്ന വിധത്തിൽ വലിയ തോൽവികളായിരുന്നു എന്നതും കാണാം. ഇതോടെ ഇന്ത്യൻ ആരാധകർക്കിടയിൽ ചോദ്യങ്ങൾ ഉയർന്നു തുടങ്ങി. ഓസ്ട്രേലിയയിൽ ചരിത്ര വിജയം ഇന്ത്യയ്ക്ക് സമ്മാനിച്ച രഹാനയെ ടെസ്റ്റ് ടീമിന്റെ നായകനാക്കണം എന്ന് ആവശ്യം ഉയരുന്നതിനിടെയാണ് കോഹ്‌ലിയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ വീണ്ടും പരാജയപ്പെട്ടിരിയ്ക്കുന്നത്.  
 
ന്യുസിലൻഡ് പര്യടനത്തിലായിരുന്നു തുടക്കം. രണ്ട് ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടു. ആദ്യ മത്സരത്തിൽ 10 വിക്കറ്റിനും, രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിനും ന്യൂസിലൻഡിന് മുന്നിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങി. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 36 റൺസ് മാത്രമെടുത്ത് എല്ലാവരും കൂടാരം കയറിയത് വലിയ നാണക്കേടായി മാറി. കോഹ്‌ലി മടങ്ങിയതിന് പിന്നാലെ നായകസ്ഥാനം ഏറ്റെടുത്ത രഹാനെ വലിയ പ്രതിസന്ധികൾക്കിടയിലും ഒരു സമനിലയും ഗാബ്ബയിലെ ചരിത്ര വിജയം ഉൾപ്പടെ രണ്ട് ജയങ്ങളും നേടി ബോർഡർ ഗവാസ്കർ ട്രോഫി നിലനിർത്തി. ഇപ്പോൾ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ 227 റൺസിനാണ് ഇന്ത്യയുടെ പരാജയം. ഇതാണ് പുതിയ ചർച്ചകൾക്ക് തിരികൊളുത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍