ഇതാണോ ബാസ്ബോൾ? ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് കളിച്ചത് മൂന്നിൽ താഴെ റൺറേറ്റിൽ

അഭിറാം മനോഹർ

ഞായര്‍, 25 ഫെബ്രുവരി 2024 (19:48 IST)
Ind vs Eng
പുത്തന്‍ ശൈലിയിലേക്ക് മാറിയതിന് ശേഷം തുടര്‍ച്ചയായി വിജയങ്ങള്‍ ശീലമാക്കിയ ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് എത്തുമ്പോള്‍ ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലി ഇന്ത്യയില്‍ എത്രമാത്രം ഫലപ്രദമാകുമെന്ന ചര്‍ച്ചയായിരുന്നു ക്രിക്കറ്റ് ലോകത്തുണ്ടായിരുന്നത്. അവസാന ഇന്നിങ്ങ്‌സില്‍ 600 റണ്‍സ് മുന്നോട്ട് വെച്ചാലും അടിച്ചെടുക്കാന്‍ തയ്യാറായ ബാറ്റിംഗ് നിര എന്നതായിരുന്നു ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിക്ക് അവര്‍ നല്‍കിയിരുന്ന വിശേഷണം. എന്നാല്‍ ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്ങ്‌സില്‍ വെറും 145 റണ്‍സിനാണ് കൂടാരം കയറിയത്. ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ ഇംഗ്ലണ്ട് അടിയറവ് പറഞ്ഞപ്പോള്‍ മൂന്നില്‍ താഴെ റണ്‍റേറ്റിലാണ് ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ഇന്നിങ്ങ്‌സ് അവസാനിപ്പിച്ചത്.
 
ബാസ്‌ബോള്‍ എന്ന പുത്തന്‍ ശൈലിയിലേക്ക് ഇംഗ്ലണ്ട് ക്രിക്കറ്റ് മാറിയതിന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ഒരു ടെസ്റ്റ് ഇന്നിങ്ങ്‌സില്‍ മൂന്നില്‍ താഴെ റണ്‍റേറ്റില്‍ ഇന്നിങ്ങ്‌സ് പൂര്‍ത്തിയാക്കുന്നത്. ഇന്ത്യക്കെതിരെ രണ്ടാം ഇന്നിങ്ങ്‌സില്‍ 2.69 റണ്‍റേറ്റാണ് ഇംഗ്ലണ്ട് ഇന്നിങ്ങ്‌സിനുണ്ടായിരുന്നത്. ടെസ്റ്റ് കരിയറിലെ 35മത് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ രവിചന്ദ്ര അശ്വിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറിന് പുറത്താക്കാന്‍ സഹായിച്ചത്. 60 റണ്‍സെടുത്ത ഓപ്പണര്‍ സാക് ക്രോളിക്ക് മാത്രമാണ് ഇംഗ്ലണ്ടിനായി പിടിച്ചുനില്‍ക്കാനായത്. ബെയര്‍സ്‌റ്റോ 30 റണ്‍സുമായി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും രവീന്ദ്ര ജഡേജയുടെ പന്തിന് മുന്നില്‍ കീഴടങ്ങി.
 
നേറത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്ങ്‌സ് സ്‌കോറായ 353 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 307 റണ്‍സിന് പുറത്തായിരുന്നു. ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സിന്റെ ലീഡ് നേടിയെങ്കിലും ഇത് മുതലെടുക്കാന്‍ ഇംഗ്ലണ്ടിനായില്ല. രവിചന്ദ്ര അശ്വിന്‍ ജഡേജ,കുല്‍ദീപ് ത്രയമാണ് ഇംഗ്ലണ്ട് ബാറ്റര്‍മാരെ വരിഞ്ഞു മുറുക്കിയത്. അശ്വിന്‍ 5 വിക്കറ്റും കുല്‍ദീപ് യാദവ് നാല് വിക്കറ്റും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍