Rohit Bumrah: രോഹിത് ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞാൽ ടീം ക്യാപ്റ്റനാകണം, താല്പര്യം പ്രകടിപ്പിച്ച് ബുമ്ര!

അഭിറാം മനോഹർ

ചൊവ്വ, 23 ജനുവരി 2024 (18:50 IST)
രോഹിത് ശര്‍മയ്ക്ക് ശേഷം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് പേസര്‍ ജസ്പ്രീത് ബുമ്ര. ഇന്ത്യയ്ക്ക് വേണ്ടി ഒരു മത്സരത്തില്‍ ഇതിന് മുന്‍പ് ബുമ്ര ടീമിനെ നയിച്ചിട്ടുണ്ട്. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത് സന്തോഷമുള്ള കാര്യമാകുമെന്നാണ് ബുമ്രയുടെ പ്രതികരണം. 36കാരനായ രോഹിത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ എത്രകാലം നില്‍ക്കുമെന്ന സംശയം നിലനില്‍ക്കെയാണ് ക്യാപ്റ്റന്‍സിയില്‍ ബുമ്ര താല്‍പ്പര്യം അറിയിച്ചത്.
 
ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ ബൗളര്‍മാരെ നിയോഗിക്കുന്നത് അപൂര്‍വമായി മാത്രമെ സംഭവിക്കാറുള്ളു. നിലവില്‍ ഓസീസ് നായകനായ പാറ്റ് കമ്മിന്‍സ് മാത്രമാണ് ടീമിനെ നയിക്കുന്ന പേസ് താരം. ബുമ്ര ഇന്ത്യന്‍ ടെസ്റ്റ് ടീം നായകനാവുകയാണെങ്കില്‍ കപില്‍ ദേവിന് ശേഷം 35 വര്‍ഷത്തിന് ശേഷമാകും ഒരു ഇന്ത്യന്‍ പേസര്‍ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്നത്. എന്നാല്‍ അടിക്കടിയുള്ള പരിക്കുകള്‍ ബുമ്രയ്ക്ക് തടസമാകുമോ എന്നത് കണ്ടറിയേണ്ടതാണ്. ഇതെല്ലാം പരിഗണിച്ച ശേഷം മാത്രമാകും ബുമ്രയുടെ ക്യാപ്റ്റന്‍സി വിഷയത്തില്‍ തീരുമാനമുണ്ടാവുക.
 
ഒരു ടെസ്റ്റില്‍ ടീമിനെ നയിക്കാനായത് വലിയ അംഗീകാരമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ നായകനാവുക എന്നത് മഹത്തരമായ കാര്യമാണ്. ഞാന്‍ ഉത്തരവാദിത്തങ്ങള്‍ ഇഷ്ടപ്പെടുന്നു. ഒരു ടീമിന്റെ എല്ലാ തീരുമാനങ്ങളിലും ഭാഗമാകാന്‍ താത്പര്യപ്പെടുന്നു. അതിനാല്‍ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാല്‍ തീര്‍ച്ചയായും ഏറ്റെടുക്കും എന്നായിരുന്നു ഈ വിഷയത്തില്‍ ബുമ്രയുടെ പ്രതികരണം

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍