ഓസ്ട്രേലിയൻ പേസർക്ക് കൊവിഡ് 19 രോഗലക്ഷണങ്ങൾ; ആദ്യ ഏകദിനത്തിൽ നിന്നും ഒഴിവാക്കി, താരം നിരീക്ഷണത്തിൽ

അഭിറാം മനോഹർ

വെള്ളി, 13 മാര്‍ച്ച് 2020 (14:03 IST)
ഓസ്ട്രേലിയൻ പേസ് ബൗളിംഗ് താരം കെയ്‌ൻ റിച്ചാർഡ്‌സണെ കൊവിഡ് 19 രോഗലക്ഷണങ്ങളെ തുടർന്ന് പരിശോധനകൾക്ക് വിധേയനാക്കിയതായി റിപ്പോർട്ട്.വ്യാഴാഴ്ച്ച തൊണ്ട വേദനയയും പനി ലക്ഷണങ്ങളും ഉണ്ടായതോടെ താരം മെഡിക്കൽ സംഘവുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് താരത്തെ പരിശോധനകൾ നടത്തിയതിന് ശേഷം നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്. അടുത്തിടെ അവസാനിച്ച ദക്ഷിണാഫ്രിക്കൻ പര്യടനം കഴിഞ്ഞാണ് താരം നാട്ടിലെത്തിയത്.
 
റിച്ചാർഡ്‌സണ് തൊണ്ടയിൽ അണുബാധയെന്നാണ് മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ എന്നാൽ ഗവണ്മെന്റ് പ്രോട്ടോക്കോൾ പ്രകാരം താരത്തെ മാറ്റിനിർത്തുകയാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വക്താവ് അറിയിച്ചു.റിച്ചാര്‍ഡ്സന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും പരിശോധനകളുടെ ഫലം നെഗറ്റീവായാല്‍ ഉടന്‍ തന്നെ അദ്ദേഹം ടീമിനെപ്പം ചേരുമെന്നുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിരിക്കുന്നത്.
 
ഓസ്ട്രേലിയയിലും കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് അടച്ചിട്ട സ്റ്റേഡിയത്തിലാണ് ഓസ്‌ട്രേലിയ - ന്യൂസീലന്‍ഡ് ഏകദിന പരമ്പര നടക്കുന്നത്. കൊവിഡ് 19 സംശയിക്കുന്നതിനെ തുടർന്ന് ആദ്യ ഏകദിനത്തില്‍ റിച്ചാര്‍ഡ്സണ് പകരം സീന്‍ അബോട്ടിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍