ആരുടെയും ദയ വേണ്ട, ധോണി വിടവാങ്ങല്‍ മത്സരം കളിക്കില്ല !

ആശിഷ് ബല്‍‌റാം

ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (21:09 IST)
മഹേന്ദ്രസിംഗ് ധോണി ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഒരു മടങ്ങിവരവ് നടത്തുമോ? ആര്‍ക്കും അക്കാര്യത്തില്‍ വ്യക്തതയില്ല. ഇപ്പോഴത്തെ സെലക്ടര്‍മാരുടെ തീരുമാനമനുസരിച്ച് ധോണിയെ ഇനി പരിഗണിക്കാനുള്ള സാധ്യത കുറവാണ്. ഋഷഭ് പന്തില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നതെന്നും ധോണിയില്‍ നിന്ന് തങ്ങള്‍ വഴിമാറിയെന്നുമാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദ് പറയുന്നത്. 
 
എന്നാല്‍, ധോണിയെപ്പോലെ ഒരു താരത്തിന് അര്‍ഹിക്കുന്ന രീതിയിലുള്ള യാത്രയയപ്പ് നല്‍കണമെന്ന അഭിപ്രായമാണ് ബി സി സി ഐ അധ്യക്ഷന്‍ സൌരവ് ഗാംഗുലിക്കും മറ്റുമുള്ളത്. ധോണിയുടെ ക്രിക്കറ്റ് കരിയര്‍ കൃത്യമായ ഒരു ഫിനിഷിംഗ് ഇല്ലാതെ അവസാനിക്കേണ്ടതല്ലെന്ന് ഗാംഗുലി അടക്കമുള്ളവര്‍ കരുതുന്നു. ധോണിക്ക് ഒരു വിടവാങ്ങല്‍ മത്സരം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്.
 
എന്നാല്‍ അത്തരത്തിലുള്ള ദയാദാക്ഷിണ്യങ്ങള്‍ക്ക് ധോണി കാത്തുനില്‍ക്കില്ലെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവരെല്ലാം കരുതുന്നു. ആരുടെയും ഔദാര്യമില്ലാതെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്‌ടനായിരുന്ന എം എസ് ധോണിക്ക് ഒരു വിടവാങ്ങല്‍ മത്സരത്തിലൂടെ ഇനി ഒന്നും തെളിയിക്കേണ്ടതില്ല. അപ്രതീക്ഷിതമായ തീരുമാനങ്ങളിലൂടെ പലപ്പോഴും ലോകത്തെ അമ്പരപ്പിച്ചിട്ടുള്ള ധോണി ഉടന്‍ തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
രണ്ട് ലോകകപ്പ് ഇന്ത്യയ്ക്ക് നേടിത്തന്ന മഹേന്ദ്രസിംഗ് ധോണിയുടെ ക്രിക്കറ്റ് കരിയറിന് അതോടെ അവസാനമാകും. വിമര്‍ശകര്‍ക്ക് മുന്നിലൂടെ നെഞ്ചുവിരിച്ച്, തല ഉയര്‍ത്തി എം എസ് ഡി ഇറങ്ങിപ്പോകും. പക്ഷേ, ക്രിക്കറ്റിനെ സ്നേഹിക്കുന്നവരുടെ മനസില്‍ നിന്ന് ഒരിക്കലും ധോണിക്ക് ഒരു വിടവാങ്ങലുണ്ടാകില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍