കൊവിഡ് 19: പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം, തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യം

സുബിന്‍ ജോഷി

വെള്ളി, 17 ജൂലൈ 2020 (18:57 IST)
കൊവിഡ് വ്യാപനത്തില്‍ തിരുവനന്തപുരത്ത് അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനമാണ് നടക്കുന്നതെന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി.
 
പുല്ലുവിളയിൽ 51 പേർ ഇന്ന് പോസിറ്റീവായി. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 ടെസ്റ്റിൽ 26 പോസിറ്റീവ്. പുതുക്കുറിശിയിൽ 75 ൽ 20 പോസിറ്റീവ്. അഞ്ചുതെങ്ങിൽ 87 ൽ 15 പോസിറ്റീവ് - എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇത് രോഗം തീവ്രമായതിന്റെ ലക്ഷണമാണ്. 
 
സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ കണക്കുകൾ വിശദമാക്കിയത്.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 532 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 42 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 135 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 98 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ആരോഗ്യ പ്രവർത്തകർ 15, ഐടിബിപി, ബിഎസ്എഫ് ഒന്ന് വീതം. അതേസമയം ഇന്ന് തൃശൂരിൽ ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. ജൂലൈ 14 ന് ആത്മഹത്യ ചെയ്ത കുനിശേരി സ്വദേശി മുരളിയുടെ സ്രവ പരിശോധനാ ഫലവും പോസിറ്റീവാണ്.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ തിരുവനന്തപുരം 246, എറണാകുളം 115, പത്തനംതിട്ട 87, ആലപ്പുഴ 57, കൊല്ലം 47, കോട്ടയം 39, കോഴിക്കോട് 32, തൃശ്ശൂർ 32, കാസർകോട് 32, പാലക്കാട് 31, വയനാട് 28, മലപ്പുറം 25, ഇടുക്കി 11, കണ്ണൂർ 9 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 14602 സാമ്പിൾ പരിശോധിച്ചു. 188400 പേർ നിരീക്ഷണത്തിൽ. 6029 പേർ ചികിത്സയിലുണ്ട്. നിലവിൽ 285 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍