ജയലളിതയായി അനിഘയും രമ്യാകൃഷ്ണനും, ക്വീൻ ട്രൈലർ പുറത്ത്

അഭിറാം മനോഹർ

വ്യാഴം, 5 ഡിസം‌ബര്‍ 2019 (19:59 IST)
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഗൗതം മേനോൻ ഒരുക്കുന്ന വെബ് സീരീസായ ക്വീനിന്റെ ട്രൈലർ പുറത്തിറങ്ങി. ജയലളിതയായി രമ്യാകൃഷ്ണൻ എത്തുമ്പോൾ എം ജി ആറായി നടൻ ഇന്ദ്രജിത്താണ് അഭിനയിക്കുന്നത്. നടി അനിഘയാണ് ജയലളിതയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. അഞ്ജന ജയപ്രകാശ് ജയലളിതയുടെ കൗമാരക്കാലം അവതരിപ്പിക്കുന്നു.
 
  രമ്യാകൃഷ്ണൻ നിറഞ്ഞു നിൽക്കുന്ന അതിഗംഭീരമായ ട്രൈലറാണ് ഇപ്പോൾ പുറത്തിറങ്ങിയത്. ജയലളിതയുടെ ജീവിതം പ്രമേയമാക്കി കങ്കണ റാണാവത്ത് നായികയായി നേരത്തെ തലൈവി എന്ന പേരിലുള്ള മറ്റൊരു ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങിയെങ്കിലും സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾ ലഭിച്ചിരുന്നു. എന്നാൽ അത്തരത്തിൽ യാതൊന്നും അവശേഷിപ്പിക്കാതെയാണ് വെബ് സീരീസ് വന്നിരിക്കുന്നത്.
 
ഗൗതം മേനോൺ,പ്രശാന്ത് മുരുകേശൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയലളിതയുടെ സ്കൂൾ ജീവിതം,രാഷ്ട്രീയ അരങ്ങേറ്റം,എം ജി ആർ മരണപ്പെട്ടതിന് ശേഷമുള്ള ജീവിതം എന്നിവയാണ് പറയുന്നത്.
 
എം എക്സ് പ്ലേയർ നിർമിക്കുന്ന പത്ത് എപ്പിസോഡുകൾ ഉള്ള സീരീസിൽ അഞ്ച് എപ്പിസോഡുകൾ ഗൗതം മേനോനും അഞ്ച് എപ്പിസോഡുകൾ പ്രശാന്തുമാണ് സംവിധാനം ചെയ്തിരിക്കുന്നത്. കങ്കണാ റാണാവത്ത് നായികയാകുന്ന തലൈവി എന്ന ചിത്രത്തിന് പുറമേ നിത്യാ മേനോൻ നായികയാകുന്ന അയേൺ ലേഡി എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍